ഒറ്റ വിക്ഷേപണത്തിൽ 83 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തില്‍; ലോക റെക്കോർ‍ഡ് ലക്ഷ്യമിട്ട് ഐഎസ്ആർഒ

ശനി, 29 ഒക്‌ടോബര്‍ 2016 (08:13 IST)
ഒറ്റ വിക്ഷേപണത്തിൽ തന്നെ 83 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാന്‍ ഐഎസ്ആർഒ ശ്രമം ആരംഭിച്ചു. രണ്ട് ഇന്ത്യൻ ഉപഗ്രഹങ്ങളും 81 വിദേശ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ച് ലോക റെക്കോർഡ് സൃഷ്ടിക്കാനായുള്ള പിഎസ്എൽവിയുടെ വിക്ഷേപണം അടുത്തവർഷം ആദ്യപാദത്തോടെ ഉണ്ടായേക്കും.
 
വിദേശ ഉപഗ്രഹങ്ങളിൽ ഭൂരിപക്ഷവും നാനോ ഉപഗ്രഹങ്ങളായിരിക്കും. 83 ഉപഗ്രഹങ്ങളുടേയും ആകെ ഭാരം 1600 കിലോയോളം വരുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഒരേ ഭ്രമണപഥത്തിൽ തന്നെയായിരിക്കും എല്ലാ ഉപഗ്രഹങ്ങളും എത്തിക്കുകയെന്ന ഐഎസ്ആർഒ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശശിഭൂഷൺ വ്യക്തമാക്കി.  
 
എക്സ്എൽ വിഭാഗത്തിലുള്ള പിഎസ്എൽവിയായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക. ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ച പരിചയസമ്പത്ത് ഐഎസ്ആർഒയ്ക്കുണ്ട്. ഒറ്റതവണ 37 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച റഷ്യയ്ക്കാണു നിലവിലെ റെക്കോർഡ്.

വെബ്ദുനിയ വായിക്കുക