ഇന്ത്യയിലെ ഐഎസ് ബന്ധം: പെണ്‍കുട്ടികളടക്കം 150പേര്‍ നിരീക്ഷണത്തില്‍
വ്യാഴം, 19 നവംബര്‍ 2015 (10:09 IST)
ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയുമായി ബന്ധം പുലര്‍ത്തുന്ന 150 ഇന്ത്യൻ യുവാക്കൾ നിരീക്ഷണത്തിലാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
സോഷ്യല്‍ മീഡിയയിലൂടെയും ഓണ്‍ലൈന്‍ ബന്ധം ഉപയോഗിച്ചും ഐഎസുമായി യുവാക്കള്‍ നിരന്തരം ബന്ധപ്പെടുന്നതായി ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍നിന്നുള്ള യുവാക്കളാണ് ഐഎസ് ബന്ധം കൂടുതലായും പുലര്‍ത്തുന്നത്. 23 ഇന്ത്യക്കാർ ഇറാഖിലും സിറിയയിലുമായി ഐഎസിനുവേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഇതില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ മൂന്നു പേർ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരരും രണ്ടുപേർ മഹാരാഷ്ട്രയിൽ നിന്നുള്ളവരും ഒരാൾ തെലുങ്കാന സ്വദേശിയുമാണ്. ഇവര്‍ ഓണ്‍ലൈന്‍ വഴി ഐഎസ് സംഘടനാ ആശയപ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്നു അന്വേഷണ സംഘം കണ്ടെത്തി.
ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധം പുലര്‍ത്തുന്ന ഇന്ത്യന്‍ യുവാക്കളെ വര്‍ഷങ്ങളായി അന്വേഷണ സംഘം നിരീക്ഷിച്ചു വരുകയായിരുന്നു. വിദ്യാര്‍ഥികളും ഐടി മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കളുമാണ് കൂടുതലായി ഐഎസിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി പ്രവര്‍ത്തിക്കുന്നത്.