ഐ എസ് ബന്ധം: സ്വമേധയാ തിരിച്ചെത്തിയ തന്നെ എന്‍ ഐ എ വഞ്ചിച്ചുവെന്ന് അരീബ് മജീദ്

വെള്ളി, 26 ഓഗസ്റ്റ് 2016 (09:01 IST)
തുര്‍ക്കിയില്‍നിന്ന് സ്വമേധയാ ഇന്ത്യയിലേക്ക് മടങ്ങിയ തന്നെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്ത് വഞ്ചിച്ചെന്ന് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ നാടുവിട്ട് മടങ്ങിയത്തെിയ അരീബ് മജീദ്. നയതന്ത്ര ഉദ്യോഗസ്ഥരുടെയും കേന്ദ്ര സര്‍ക്കാറിന്റേയും സഹായത്തോടെയാണ് അരീബ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. അറസ്റ്റ് നടന്ന് മാസത്തിനുശേഷമാണ് ഐ എസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതെന്നിരിക്കെ നിയമവിരുദ്ധ പ്രവര്‍ത്തന നിയന്ത്രണ നിയമം തനിക്കെതിരെ ചുമത്താനാകില്ലെന്നും അരീബ് അവകാശപ്പെട്ടു. തന്റെ പിതാവുമായി ചേര്‍ന്ന് നയതന്ത്ര സഹായത്തോടെ അധികൃതര്‍ തന്നെ തിരിച്ചത്തെിക്കുകയായിരുന്നുവെന്ന് അരീബ് പറയുന്നു. മുംബൈയിലെ പ്രത്യേക കോടതിയില്‍ രണ്ടാം വട്ടം നല്‍കിയ ജാമ്യ ഹരജിയിലാണ് അരീബിന്റെ ആരോപണം. 
 
ഹർജിയില്‍ ബുധനാഴ്ച വാദംകേള്‍ക്കും. 2014 മേയിലാണ് കല്യാണ്‍ സ്വദേശിയായ അരീബ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം നാടുവിട്ടത്. നാടുവിട്ടവര്‍ ഇറാഖിലത്തെിയതായി കണ്ടത്തെിയിരുന്നു. പിന്നീട് ഐ എസില്‍ ചേര്‍ന്നതായി ഇവരുടെ സന്ദേശവും കുടുംബത്തിന് ലഭിച്ചു. പിന്നീട് മടങ്ങിയത്തെിയ അരീബിനെ 2014 നവംബര്‍ 28ന് നഗരത്തിലെ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് എന്‍ ഐ എ അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണ പദ്ധതിയുമായി ഇന്ത്യയിലത്തെിയപ്പോഴാണ് അരീബിനെ അറസ്റ്റ് ചെയ്തതെന്നാണ് എന്‍ ഐ എ കുറ്റപത്രത്തില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അരീബ് ഹർജി സമർപ്പിച്ചിരുന്നു. നേരത്തേ നല്‍കിയ ജാമ്യാപേക്ഷ പ്രത്യേക കോടതിയും തുടര്‍ന്ന് ബോംബെ ഹൈകോടതിയും തള്ളിയിരുന്നു.

വെബ്ദുനിയ വായിക്കുക