രാജ്യത്തിന്റെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ കമ്മീഷന്‍ ചെയ്തു

ശനി, 16 ഓഗസ്റ്റ് 2014 (09:59 IST)
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് കൊല്‍ക്കത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന് സമര്‍പ്പിച്ചു. നാവികസേനാ ഡിസൈന്‍ബ്യൂറോ രൂപകല്‍പ്പനചെയ്ത യുദ്ധക്കപ്പല്‍ മാസഗോണ്‍ ഡോക് യാര്‍ഡ്‌സ് ലിമിറ്റഡാണ് നിര്‍മ്മിച്ചത്. 6800 ടണ്‍ കേവ് ഭാരമാണ് കപ്പലിനുള്ളത്.

ബ്രഹ്മോസ് അടക്കമുള്ള മിസൈലുകള്‍ ഐ എന്‍ എസ് കൊല്‍ക്കത്തയില്‍നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ അതി നൂതനമായ റഡാര്‍ സംവിധാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഇതില്‍ വിന്യസിച്ചിട്ടുണ്ട്. കനത്ത പ്രഹര ശേഷിയാണ് കപ്പലിനുള്ളത്.

മുങ്ങിക്കപ്പലിനേ തകര്‍ക്കാനുള്ള ശേഷിയും ഇത്നുണ്ട്. ഒരേസമയം 330 നാവികസേന ഉദ്യൊഗസ്ഥര്‍ ഇതില്‍ ഉണ്ടാകും. കടലില്‍ നിന്ന് ആകാശത്തേക്കും കരയിലേക്കും, കടലിലേക്കും വിക്ഷേപിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2003 സപ്തംബറിലാണ് കപ്പലിന്റെ കീലിട്ടത്. 2010 ല്‍ കമ്മീഷന്‍ ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പല കാരണങ്ങള്‍മൂലം കമ്മീഷനിങ് വൈകി. നിര്‍മ്മാണത്തിനിടെ കപ്പലില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ ഒരു നാവികസേനാ ഓഫീസര്‍ കൊല്ലപ്പെട്ടിരുന്നു.

40,000 ടണ്‍ ഭാരമുള്ള മറ്റൊരു വിമാനവാഹിനി കപ്പല്‍കൂടി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്നുണ്ട്. ഐ എന്‍ എസ് വിക്രാന്ത് എന്ന ഈ കപ്പല്‍ നാവികസേനയുടെ ഭാഗമാകാന്‍ മൂന്നു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയില്‍നിന്ന് 15,000 കോടി രൂപയ്ക്ക് വാങ്ങിയ ഐ എന്‍ എസ് വിക്രമാദിത്യയാണ് നിലവില്‍ നാവികസേനയുടെ ഏറ്റവും വലിയ കപ്പല്‍.

ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ മേഖലയുടെ മികവിന്റെ പ്രതീകമാണ് ഈ കപ്പല്‍. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ചീഫ് ഓഫ് നേവല്‍സ്റ്റാഫ് അഡ്മിറല്‍ ആര്‍ കെ ധവാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക