ഷീന ബോറ വധക്കേസിലെ മുഖ്യപ്രതിയും കൊല്ലപ്പെട്ട ഷീന ബോറയുടെ അമ്മയുമായ ഇന്ദ്രാണി മുഖര്‍ജി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് ഇന്ദ്രാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബൈക്കുള വനിത ജയിലില്‍ നിന്ന് നെഞ്ചുവേദനയെ തുടര്‍ന്നാണ് അവരെ മുംബൈയിലെ ജെ ജെ ആശുപത്രിയില്‍ എത്തിച്ചത്.
അപസ്മാരത്തിനുള്ള ഗുളിക അമിതമായ അളവില്‍ കഴിച്ച് അബോധാവസ്ഥയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ദ്രാണിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ജെ ജെ ഹോസ്പിറ്റല്‍ ഡീന്‍ ടി പി ലഹാനെ പറഞ്ഞു. സെപ്തംബര്‍ 11 മുതല്‍ ഇന്ദ്രാണി അപസ്മാരത്തിനുള്ള ഗുളിക ഉപയോഗിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഷീന ബോറ കൊലക്കേസിന്റെ അന്വേഷണം കഴിഞ്ഞദിവസം സി ബി ഐക്ക് വിട്ടുകൊണ്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. പൊലീസ് അന്വേഷണം വിവാദമായതിനെ തുടര്‍ന്നായിരുന്നു അന്വേഷണം സി ബി ഐക്ക് വിട്ടത്. 2012 ലാണ് ഷീന ബോറ കൊല്ലപ്പെട്ടത്. ഷീനയുടെ അമ്മയായ ഇന്ദ്രാണി മുഖര്‍ജി, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാം എന്നിവരാണ് കേസിലെ പ്രതികള്‍.