സാര്‍ക് രാജ്യങ്ങള്‍ തമ്മിലുള്ള സൌഹൃദം ശക്തമാക്കണമെന്ന് നേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു. തീവ്രവാദം ഇല്ലാതാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും സാര്‍ക് നേതാക്കളോട് മോഡി പറഞ്ഞു. വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പാകിസ്ഥാന്റെ മണ്ണില്‍ നിന്നുകൊണ്ടുള്ള ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങളെ തടയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സാര്‍ക് നേതാക്കളുമായി വളരെ സൌഹാര്‍ദപരമായ കൂടിക്കാഴ്ചയാണ് നടന്നതെന്നും വളരെ അനുകൂലമായ നിലപാടാണ് നേതാക്കള്‍ പ്രകടിപ്പിച്ചതെന്നും സുജാത സിംഗ് പറഞ്ഞു.
തമിഴര്‍ക്ക് കൂടുതല്‍ ഭൂമിയും പൊലീസിനെയും നല്‍കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയോട് മോഡി ആവശ്യപ്പെട്ടു. എല്ലാ സാര്‍ക് രാജ്യങ്ങളുമായി നല്ല വ്യാപാരബന്ധമാണ് ഇന്ത്യ പുലര്‍ത്തുന്നത്. ബംഗ്ലാദേശ് ഇന്ത്യയുടെ ഏറ്റവും നല്ല വ്യാപാരപങ്കാളിയാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യ സന്ദര്‍ശിക്കുമെന്നും പ്രതീക്ഷിക്കുന്നതായും ബംഗ്ലാദേശ് പ്രതിനിധിയെ മോഡി അറിയിച്ചു.
അഫ്ഗാനിലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് നേരേ നടന്ന ആക്രമത്തെക്കുറിച്ച് പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി മോഡി ചര്‍ച്ച നടത്തി. നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യത്തലവന്മാരുമായും മോഡി കൂടിക്കാഴ്ച നടത്തി.