ആണവ സഹകരണ കരാറില്‍ ഇന്ത്യയും ശ്രീലങ്കയും ഒപ്പുവെച്ചു

തിങ്കള്‍, 16 ഫെബ്രുവരി 2015 (15:53 IST)
നാല് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൈനികേതര ആണവ സഹകരണ കരാറിലടക്കം നാല് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണു കരാറുകളില്‍ ഒപ്പുവെച്ചത്.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്ന കാര്യം ഇന്നു തന്നെ ചര്‍ച്ചയ്ക്ക് വരും. അതൊടൊപ്പം ചൈന ശ്രീലങ്കയില്‍ നടത്തുന്ന നിര്‍മാണങ്ങളും, ചൈനയ്ക്ക് ശ്രീലങ്കയില്‍ ഉള്ള സ്വാധീനത്തിലെ ആശങ്കയും ഇന്ത്യ ശ്രീലങ്കന്‍ പ്രസിഡന്റിനെ അറിയിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതും. ലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കുന്ന കാര്യവും ഇന്ന് ചര്‍ച്ചയായേക്കും.

ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ സിരിസേനയെ കേന്ദ്രസഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സിരിസേനയ്ക്ക് പ്രത്യേക വിരുന്ന് നല്‍കും. വിരുന്നില്‍ പ്രധാനമന്ത്രി അടക്കമുള്ളവരും പങ്കെടുക്കും. തുടര്‍ന്ന് ബുധനാഴ്ച് അദ്ദേഹം ശ്രീലങ്കയിലേക്ക് മടങ്ങും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക