അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യയ്ക്ക് നന്നായറിയാമെന്ന് പ്രതിരോധമന്ത്രി
വ്യാഴം, 9 ജൂലൈ 2015 (16:25 IST)
ഇന്ത്യയ്ക്കെതിരെ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന പാക് പ്രതിരോധ മന്ത്രി ഖൗജ ആസിഫിന്റെ ഭീഷണിക്ക് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇന്ത്യയുടെ അതിർത്തി സംരക്ഷിക്കാൻ ഞങ്ങൾക്കറിയാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ഇന്ത്യയുടെ പ്രതിരോധമന്ത്രിയാണ്. അതിർത്തികൾ സംരക്ഷിക്കാൻ ഇന്ത്യയുടെ സൈന്യത്തിന് അറിയാം അദ്ദേഹം പറഞ്ഞു.
പാക്ക് താലിബാൻ ഭീകരരെയും വിഘടനവാദികളെയും ഇന്ത്യ സഹായിക്കുന്നതിന്റെ തെളിവുകൾ പാക്കിസ്ഥാന്റെ കൈയ്യിലുണ്ട്. പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങൾ വെറുതെ സൂക്ഷിക്കാനുള്ളതല്ല. വേണ്ടിവന്നാൽ അവ ഉപയോഗിക്കുമെന്നുമാണ് പാക് പ്രതിരോധ മന്ത്രി പറഞ്ഞത്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലഖ്‍വിയുടെ മോചനവുമായി ബന്ധപ്പെട്ട് ചൈന സ്വീകരിച്ച നിലപാടിനെ കുറിച്ച് ചോദിച്ചപ്പോൾ അത് വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയുമാണ് പ്രതികരിക്കേണ്ടതെന്നാണ് പരീക്കർ പ്രതികരിച്ചത്. മ്യാൻമർ അതിർത്തി കടന്നു ഭീകരരെ വധിച്ചതുപോലുള്ള ഓപ്പറേഷനുകൾ ഇനിയും ഉണ്ടാകുമോ എന്നു ചോദിച്ചപ്പോൾ ഇത് വളരെ രഹസ്യ സ്വഭാവമുള്ള കേസാണെന്നും പങ്കുവയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.