ഇന്ത്യന്‍ ജയിലുകളില്‍ എത്തുന്ന ഭീകരര്‍ ജയിലഴികള്‍ക്കിടയില്‍ കനത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ജീവിക്കണമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാരണം ഇന്ത്യന്‍ ജയിലുകള്‍ മറ്റെല്ലയിടങ്ങളിലേക്കാളും ഭീകരര്‍ക്ക് സുരക്ഷയും സന്തോഷവും തങ്ങളുടെ കമാന്‍ഡര്‍മാരുമായി സംസാരിക്കാനുള്ള അവസരവും ഒരുക്കി കൊടുക്കും.
അമ്പരന്ന് നില്‍ക്കേണ്ട കാര്യമൊന്നുമില്ല. രാജ്യത്തേ പ്രമുഖ ജയിലുകളേക്കാളും പക്ഷേ തീവ്രവാദികള്‍ ഇഷ്ടപ്പെടുന്നത് ബംഗാളിലെ ജയിലുകളാണ് എന്നു മാത്രം. ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ തൊയ്‌ബ, ഐഎസ്‌ഐ തീവ്രവാദികള്‍ക്ക് ഈ ജയിലുകളില്‍ പരമ സുഖമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
പ്രവര്‍ത്തകരില്‍ പലരും പാകിസ്‌ഥാന്‍, അഫ്‌ഗാനിസ്‌ഥാന്‍, കശ്‌മീര്‍, ദുബായ് എന്നിവിടങ്ങളിലെ തങ്ങളുടെ സംഘാംഗങ്ങളുമായി സ്‌ക്കൈപ്പ്, വി ചാറ്റ്, വൈബര്‍, ടാംഗോ തുടങ്ങിയ ആധുനിക വീഡിയോ കോള്‍ സംവിധാനം വഴി ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനായി ആന്‍ഡ്രോയ്‌ഡ് ഫോണുകളും സിംകാര്‍ഡുകളും ജയിലിനുള്ളിലേക്ക് അനായാസം കടത്താന്‍ ജയിലധികൃതര്‍ തന്നെ കൂട്ടുനില്‍ക്കും. മറ്റൊന്നും വേണ്ട ഒരു സ്‌മാര്‍ട്‌ഫോണിന്റെ വിലയ്‌ക്കൊപ്പം 1,500 രൂപ കൂടി നല്‍കിയാല്‍ ജയില്‍ അധികൃതര്‍ തന്നെ തടവുപുള്ളികളുടെ കയ്യില്‍ ഫോണ്‍ എത്തിച്ചു നല്‍കും. ഇനി സിം കാര്‍ഡ് വേണമെന്നുണ്ടെങ്കില്‍ 150-200 രൂപ നല്‍കിയാല്‍ അതും അധികൃതര്‍ സംഘടിപ്പിച്ചു നല്‍കും.
ഇതൊക്കെ തലമുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയാതെയാണെന്നു മാത്രം. കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴോ പ്രതികളുമായി പുറത്ത് പോകുമ്പോഴോ ആണ് ഇവര്‍ക്ക് ഫോണ്‍ സംഘടിപ്പിച്ച് നല്‍കുക. രണ്ടു വര്‍ഷം മുമ്പ് ബംഗാളിലെ അഞ്ച് ജയിലുകളില്‍ നടത്തിയ റെയ്‌ഡില്‍ നിന്നും 350 സെല്‍ഫോണുകള്‍ കണ്ടെത്തിയിരുന്നു.
അങ്ങനെയാണ് സംഭവം പുറം ലോകം അറിയുന്നത്. പല ഭാഗങ്ങളാക്കി മാറ്റിയ ഫോണ്‍ പൂന്തോട്ടം, കുളിമുറിയുടെ വിള്ളലുകള്‍ എന്നിങ്ങനെ ഒരാളുടെ കണ്ണ് പെട്ടെന്ന് പതിയാത്ത സ്‌ഥലത്ത് ഒളിപ്പിക്കുകയും പിന്നീട് ആവശ്യം വരുമ്പോള്‍ വീണ്ടും ഒന്നിച്ചു ചേര്‍ത്ത് ഉപയോഗിക്കുകയും ചെയ്യുകയാണ് തടവു പുള്ളികള്‍ ചെയ്യുക.
ഈ ജയിലുകളിലെല്ലാം തീവ്രവാദ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരേ പാര്‍പ്പിച്ചിട്ടുണ്ട് എന്നതാണ് ഇപ്പോള്‍ അധികൃതരെ കുഴയ്ക്കുന്ന പ്രശ്നം.