ഇന്ത്യ- ഓസ്ട്രേലിയ ആണവക്കരാര്‍ ഒപ്പുവെച്ചു

ശനി, 6 സെപ്‌റ്റംബര്‍ 2014 (08:22 IST)
ഇന്ത്യയും ഓസ്‌ട്രേലിയയും ആണവക്കരാര്‍ ഒപ്പുവെച്ചു. ഇന്ത്യ സന്ദര്‍ശനത്തിന്‌ എത്തിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം. 
 
വെള്ളിയാഴ്‌ചയാണ്‌ ടോണി അബോട്ട്‌ ഇന്ത്യയില്‍ എത്തിയത്‌. കരാറിന്റെ ഭാഗമായി ഓസ്‌ട്രേലിയ ഇന്ത്യക്ക്‌ യുറേനിയം നല്‍കും. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പുവെക്കാത്ത രാജ്യമായ ഇന്ത്യക്ക് യുറേനിയം നല്‍കില്ലെന്ന നയമാണ് ഓസ്‌ട്രേലിയ പിന്തുടര്‍ന്നിരുന്നത്. ഇന്ത്യ-യുഎസ് സൈനികേതര ആണവ കരാര്‍ നിലവില്‍ വന്നശേഷം ഇന്ത്യയ്ക്ക് ആണവ ഇന്ധനവും സാമഗ്രികളും നല്‍കാന്‍ ആണവ വിതരണ സംഘം (എന്‍എസ്ജി.) അനുമതി നല്‍കിയിട്ടും അതിന് തയ്യാറാകാതിരുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. 
 
ലോകത്ത് ആകെയുള്ള യുറേനിയത്തിന്റെ 40 ശതമാനവും ഓസ്‌ട്രേലിയയിലാണ്. ഇതിന്റെ 20 ശതമാനം ആഗോളവിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. സ്വന്തമായി ആണവ നിലയങ്ങളൊന്നുമില്ലെങ്കിലും സമാധാനപരമായ ആവശ്യത്തിന് യുറേനിയം കയറ്റുമതി ചെയ്യുന്നതിന് ഓസ്‌ട്രേലിയ അനുവദിക്കുന്നുണ്ട്. നിലവില്‍ സൈനികേതര ആണവക്കരാറാണ് ഇന്ത്യയുമായും ഒപ്പുവെച്ചത്.
 

വെബ്ദുനിയ വായിക്കുക