ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു; ഷോട്ട്പുട്ട് താരം ഇന്ദർജിത് സിംഗിന് ഒളിമ്പിക് അയോഗ്യത
ചൊവ്വ, 2 ഓഗസ്റ്റ് 2016 (16:27 IST)
ഉത്തേജക മരുന്ന് വിവാദത്തിലായ ഇന്ത്യൻ ഷോട്ട്പുട്ട് താരം ഇന്ദർജിത് സിംഗിന് ഒളിമ്പിക് അയോഗ്യത. ബി സാമ്പിൾ പരിശോധനയിലും പരാജയപ്പെട്ടതോടെയാണ് അദ്ദേഹത്തിന് നാഡ വിലക്കേർപ്പെടുത്തിയത്. കൂടാതെ വാഡ നിയമപ്രകാരം നാലു വർഷത്തേക്ക് വിലക്കും നേരിടേണ്ടി വരും.
28കാരനായ ഇന്ദർജീത് സിംഗിന്റെ ഉത്തേജക പരിശോധന ജൂൺ 22 നാണ് നടന്നത്. നിരോധിച്ച മരുന്നുകളിൽ ഉൾപെട്ട സ്റ്റിറോയ്ഡ് താരം ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. തനിക്കെതിരായ ഗൂഢാലോചനയാണ് ഇതെന്ന് ഇന്ദർജിത് അന്ന് പ്രതികരിച്ചിരുന്നു.
20.65 മീറ്റര്‍ ഷോട്ട് പായിച്ച് റിയോ ഒളിംപിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമായ ഇന്ദ്രജിത്ത് ഷോട്ട് പുട്ടില്‍ റിയോയിലേക്കുള്ള ഏക ഇന്ത്യന്‍ താരം കൂടിയായിരുന്നു. ചൈനയില്‍ നടന്ന ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പ്, ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗ്രാന്റ് പ്രിക്‌സ് ,ലോക യൂണിവേഴ്‌സിറ്റി മീറ്റ് എന്നീ മല്‍സരങ്ങളില്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണം നേടിയതാരം കഴിഞ്ഞ ഏഷ്യന്‍ ഗെയിസില്‍ വെങ്കെലം നേടിയിരുന്നു.