ഹോര്‍ലിക്‌സ് ഫൂഡില്‍സ് നൂഡില്‍സ് ഉള്‍പ്പെടെയുള്ള മൂന്നു നൂഡില്‍സ് ബ്രാന്‍ഡുകള്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് പരിശോധനാഫലം. ലഖ്‌നൗവിലുള്ള ഫുഡ് അനാലിസിസ് ലാബാണു ഹോര്‍ലിക്‌സിന്റെ ഫൂഡില്‍സ് നൂഡില്‍സ്, നൂര്‍ സൂപ്പി നൂഡില്‍സ്, ചിങ്ക്‌സ് ഹോട്ട് ഗാര്‍ലിക് ഇന്‍സ്‌റ്റന്റ് നൂഡില്‍സ് എന്നീ ബ്രാന്‍ഡുകളില്‍ അനുവദനീയമായ അളവിലും കൂടുതല്‍ ചാരത്തിന്റെ അംശം അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.
ഉത്തര്‍പ്രദേശിലെ ഒരു സിറ്റിമാളില്‍ നിന്നു കഴിഞ്ഞവര്‍ഷം മേയില്‍ പരിശോധനയ്‌ക്കായി ശേഖരിച്ച ഉല്പന്നങ്ങളുടെ പരിശോധനാഫലത്തില്‍ ഒരു ശതമാനം മാത്രം അനുവദനീയമായ ചാരത്തിന്റെ അളവ് ചിങ്ക്‌സ് നൂഡില്‍സില്‍ 1.83 ശതമാനവും ഹോര്‍ലിക്‌സ് ഫൂഡില്‍സില്‍ 2.37 ശതമാനവും സൂപ്പി നൂഡില്‍സില്‍ 1.89 ശതമാനവും ആണെന്നു കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഒരാഴ്‌ച മുമ്പ് കമ്പനികള്‍ക്കു നോട്ടീസ് അയച്ചതായി ബാരബംങ്കി ജില്ലാ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥന്‍ സഞ്‌ജയ് സിങ് പറഞ്ഞു. ഫുഡ് സേഫ്‌റ്റി സ്‌റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഫൂഡില്‍സ് നിര്‍മിക്കുന്നതെന്നു ജി എസ് കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ വക്‌താവ് പറഞ്ഞു.