മുംബൈയിൽ കനത്ത മഴ; ട്രെയിനുകളിൽ കുടുങ്ങിയ 2000 പേരെ രക്ഷപ്പെടുത്തിയത് ദേശീയ ദുരന്ത നിവാരണ സേന

ബുധന്‍, 11 ജൂലൈ 2018 (14:10 IST)
ശക്തമായ മഴയെത്തുടർന്ന് ഗുജറാത്തിൽ നിന്നു മുംബൈയിലേക്ക് വരുന്ന മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസ്, വഡോദര എക്സ്പ്രസ് ട്രെയിനുകളിൽ കുടുങ്ങിയ രണ്ടായിരം യാത്രക്കാരെ രക്ഷിച്ചത് ദേശീയ ദുരന്ത നിവാരണ സേന. നാലസൊപാര-വസായ് സ്റ്റേഷനുകൾക്കിടയിൽ കുടുങ്ങിയ യാത്രക്കാരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിനിൽ നിന്ന് പുറത്തെത്തിച്ചത്. ദുരന്തനിവാരണസേന, പൊലീസ്, അഗ്നിശമനസേന എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. 
 
നിർത്തിയിട്ട ട്രെയിനിന് ഇരുവശവും വെള്ളംനിറഞ്ഞതോടെ യാത്രക്കാർക്ക് പുറത്തേക്കിറങ്ങാൻ കഴിയാതെയാകുകയായിരുന്നു. തുടർന്ന് പാൽഘർ ജില്ലാ കലക്ടർ നവ്നാഥ് ജാരെ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. ഉച്ചയോടെ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം ഏറ്റെടുത്തു. ഇവർക്കായി വസായ് സ്റ്റേഷനിൽനിന്ന് ലോക്കൽ‌ ട്രെയിനുകളും, പ്രത്യേകം ബസുകളും അധികൃതർ ഏർപ്പാടാക്കി നൽകി. 
 
പാൽഘർ ജില്ലയിൽ മാത്രം അഞ്ഞൂറോളംപേരെ വിവിധയിടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ഇവർക്ക് സൗകര്യമൊരുക്കിയത്. കനത്തമഴയെത്തുടർന്ന് വെള്ളാക്കെട്ട് രൂപപ്പെട്ടെതോടുകൂടിയാണ് ട്രെയിൻ സേവനം പകുതിയിൽ നിലച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍