ഭൂമി കൈയേറിയ ഹനുമാന്‍ നേരിട്ടു ഹാജരാകണമെന്ന് കോടതി
വ്യാഴം, 18 ഫെബ്രുവരി 2016 (08:44 IST)
ബീഹാറിലെ റോഹ്‌താസ് ജില്ലയിൽ സ്ഥലം കയ്യേറി ക്ഷേത്രം പണിതെന്ന പരാതിയിൽ ഹനുമാന് കോടതിയുടെ സമന്‍സ്. പൊതുസ്ഥലം കൈയേറി ക്ഷേത്രം നിര്‍മിച്ചെന്നാരോപിച്ച് പൊതുമരാമത്ത് വകുപ്പ് നല്‍കിയ പരാതിയിലാണ് റോഹ്താസിലെ കീഴ്ക്കോടതി ഹനുമാനു സമന്‍സ് അയച്ചത്. ഭഗവാൻ തന്നെ നേരിട്ടു ഹാജരാകണമെന്നാണ് ഉത്തരവ്.
റോഡ് വീതികൂട്ടാനായി ഹനുമാൻക്ഷേത്രം പൊളിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണു പൊതുമരാമത്തു വകുപ്പ് കോടതിയെ സമീപിച്ചത്. ഇന്നലെ കേസ് കേട്ട കോടതി ‘കേസിലെ പ്രതിയായ’ ഭഗവാനോടു നേരിട്ടു ഹാജരാകാൻ ഉത്തരവിട്ടു. ഉത്തരവ് ചില ഉദ്യോഗസ്ഥർ ഹനുമാൻ വിഗ്രഹത്തിൽ തന്നെ പതിക്കുകയും ചെയ്‌തു. റോഡു കയ്യേറിയാണു ഹനുമാന്റെ പഞ്ചമുഖ പ്രതിമ സ്ഥാപിച്ചിരുന്നത്.
ഹനുമാനെതിരായ കോടതി നോട്ടീസിനെതിരെ പ്രതിഷേധിച്ച ബജ്റംഗ്‌ദൾ, ബിജെപി പ്രവർത്തകർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. റോഹ്താസിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റാണ് വിവാദപരമായ ഉത്തരവിട്ടത്.