ഗുജറാത്തില്‍ വാട്‌സ്‌ആപ്പിന് വിലക്ക്

ബുധന്‍, 26 ഓഗസ്റ്റ് 2015 (11:56 IST)
ഗുജറാത്തില്‍ വാട്‌സ്‌ആപ്പിന് വിലക്ക്. ന്യൂനപക്ഷ സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായം പ്രക്ഷോഭം തുടരുന്നതിനിടെയാണ് സംസ്ഥാനത്ത് വാട്‌സ്‌ആപ്പിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 
ഊഹാപോഹങ്ങള്‍ പ്രചരിക്കാതിരിക്കുന്നതിനും സംസ്ഥാനം കൂടുതല്‍ കലാപത്തിലേക്ക് നീങ്ങാതിരിക്കുന്നതിനും വേണ്ടിയാണ് വാട്‌സ്‌ആപ് നിരോധിച്ചിരിക്കുന്നത് എന്നാണ് അധികൃതരുടെ വിശദീകരണം.
 
ന്യൂനപക്ഷ സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ സമുദായത്തിന്റെ കൂറ്റന്‍ റാലിയും അറസ്റ്റും അക്രമസംഭവങ്ങളും നടക്കുന്നതിനിടയില്‍ ആണ് വാട്‌സ്‌ആപിന് നിരോധനം ഏര്‍പ്പെടുത്തിയത്. തന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ നിന്ന് പിന്മാറണമെന്നും ഗുജറാത്തില്‍ ശാന്തിയും സമാധാനവും നിലനിറുത്തണമെന്നും സംസ്ഥാനബന്ദിന് ആഹ്വാനം ചെയ്‌തും സമിതി കണ്‍വീനര്‍ ഹാര്‍ദിക് പട്ടേല്‍ വാട്‌സ്‌ആപ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.
 
ഹാര്‍ദിക് പട്ടേലിന്റെ സന്ദേശം വാട്‌സാപില്‍ പ്രചരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് മൊബൈല്‍ കമ്പനികള്‍ക്ക് വാട്സ്ആപ് സേവനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന പൊലീസ് നിര്‍ദ്ദേശം ലഭിച്ചത്. ഇതോടെ ഗുജറാത്തിന്റെ പല ഭാഗത്തും വാട്സാപ്പ് സേവനം ലഭ്യമല്ല.

വെബ്ദുനിയ വായിക്കുക