ജി എസ് ടി ബില്‍ പാസാക്കി; എഐഎഡിഎംകെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു - ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി
തിങ്കള്‍, 8 ഓഗസ്റ്റ് 2016 (20:22 IST)
ജി എസ് ടിക്കുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്‌സഭ എതിരില്ലാതെ പാസാക്കി. സഭ ഏകകണ്ഡമായിട്ടാണ് ബില്‍ പാസാക്കിയത്. എഐഎഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചപ്പോള്‍ ലോക്‌സഭയിൽ ഹാജരായ 429 അംഗങ്ങളും ബില്ലിനെ അനുകൂലിച്ചു.
നികുതി ഭീകരവാദത്തിൽനിന്നുള്ള മോചനമാണ് ചരക്കുസേവന നികുതി ബില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‍സഭയില്‍ പറഞ്ഞു. ബിൽ പാസായത് ഒരു പാർട്ടിയുടെ വിജയമല്ല. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്. നികുതി ഏകീകരണത്തിനായാണ് ജിഎസ്ടി ബിൽ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് ഇതു സഹായകമാകും. ചെറുകിട വ്യവസായികൾക്കും ഉപഭോക്താക്കൾക്കും ഇതുമൂലം നേട്ടമുണ്ടാകും. കള്ളപ്പണം കണ്ടെത്താനും അഴിമതി കുറയ്ക്കാനും ഇതു സഹായിക്കുമെന്നും മോദി പറഞ്ഞു.
ചരക്കു സേവന നികുതി നിലവില്‍ വരുന്നതോടെ രാജ്യത്തെ നികുതി വെട്ടിപ്പിന് അന്ത്യമാവുമെന്ന് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച കൊണ്ട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി പറഞ്ഞു.