സര്‍ക്കാരിന്റെ വാഹന നിയന്ത്രണത്തെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി

ബുധന്‍, 6 ജനുവരി 2016 (15:10 IST)
ഡല്‍ഹി സര്‍ക്കാര്‍ ഈ മാസം ഒന്നുമുതല്‍ നടപ്പിലാക്കിയ വാഹന നിയന്ത്രണത്തെക്കുറിച്ച് ഡല്‍ഹി ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. ജനുവരി ഒന്നു മുതല്‍ പതിനഞ്ചു ദിവസത്തേക്കാണ് വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 
 
എന്നാല്‍, പതിനഞ്ചു ദിവസം എന്നുള്ളത് ഒരാഴ്ചയായി കുറച്ചു കൂടേയെന്ന് ഹൈക്കോടതി ചോദിച്ചു. കൂടാതെ, ഇത്രയും ദിവസം കൊണ്ടു  അന്തരീക്ഷ മലിനീകരണത്തില്‍ എത്രത്തോളം കുറവു വന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
 
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹന നിയന്ത്രണത്തിനെതിരെ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു കോടതി ഇങ്ങനെ ചോദിച്ചത്. ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആയിരുന്നു ഹര്‍ജി പരിഗണിച്ചത്.
 
ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജിവ് ഖോസ്‌ല ആയിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ഡിസംബര്‍ 28ന് കോടതിയെ സമീപിച്ചത്. 
 
സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ ഒറ്റ - ഇരട്ട അക്ക വാഹനനിയന്ത്രണം നിലവില്‍ വന്നിരുന്നു.  ഈ മാസം 15 വരെയാണ് നിയന്ത്രണം. ഒറ്റസംഖ്യ വരുന്ന തിയതികളില്‍ ഒറ്റസംഖ്യയില്‍ നമ്പര്‍ അവസാനിക്കുന്ന വാഹനങ്ങളും ഇരട്ടസംഖ്യ തിയതികളില്‍ ഇരട്ടസംഖ്യയില്‍ നമ്പര്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങാന്‍ പാടുള്ളൂ എന്നതാണ് നിയന്ത്രണം.

വെബ്ദുനിയ വായിക്കുക