ഫ്രീഡം 251ന്റെ ലാഭത്തിന്റെ രഹസ്യം ഇതാണ്; അഞ്ചുമാസം മുമ്പ് ആരംഭിച്ച കമ്പനിയില്‍ നടക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്കറിയാമോ ?

ചൊവ്വ, 23 ഫെബ്രുവരി 2016 (11:10 IST)
സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കുറച്ചുദിവസങ്ങളായി ചൂടുപിടിച്ചിരിക്കുന്ന വാര്‍ത്തയാണ് ഫ്രീഡം 251എന്ന സ്‌മാര്‍ട്ട്
ഫോണ്‍. റിങിങ് ബെൽസ് എന്ന കമ്പനി 251 രൂപയ്‌ക്ക് നല്‍കുന്ന ഫോണ്‍ തരംഗമായി തീര്‍ന്നിരിക്കുകയാണ്. ആദ്യദിവസം തന്നെ 30,000 ഓര്‍ഡര്‍ ലഭിച്ചതായി കമ്പനി ഡയറക്‍ടര്‍ മോഹിത് ഗോയല്‍ വ്യക്തമാക്കുകയും ചെയ്‌തതോടെ എല്ലാവരും പ്രതീക്ഷയിലാണ്.

251 രൂപയ്‌ക്ക് എങ്ങനെ സ്‌മാര്‍ട്ട് ഫോണ്‍ എങ്ങനെ വില്‍ക്കാന്‍ സാധിക്കുമെന്നാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.
ഒരു സ്‌മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 2300 രൂപയെങ്കിലും ചെലവിടേണ്ടി വരുമെന്നാണ് ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞ ചെലവിൽ വിതരണം ചെയ്യുന്നവരിൽ നിന്നു മൊബൈൽ പാർട്സ് വാങ്ങിയാൽ പോലും ഉൽപാദനച്ചെലവ് 2700 രൂപയെങ്കിലും ആകുമെന്നാണ് ഇന്ത്യൻ സെല്ലുലാർ അസോസിയേഷന്റെ വിലയിരുത്തൽ. ഇതിനോടൊപ്പം വിവിധ നികുതികളും തീരുവകളും വിതരണച്ചെലവുമെല്ലാം ചേരുന്നതോടെ 4100 രൂപയെങ്കിലും വരും ആകെ റീട്ടെയ്‌ൽ വില. ഈ സാഹചര്യത്തിലാണ് വെറും അഞ്ചുമാസം മുമ്പ് മോഹിത് ഗോയല്‍ ആരംഭിച്ച റിങിങ് ബെൽസ്  251 രൂപയ്‌ക്ക് സ്‌മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

251 രൂപയ്‌ക്ക് ഫോണ്‍ വില്‍പ്പന നടത്തിയാല്‍ എങ്ങനെ ലാഭം ഉണ്ടാകുമെന്നാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ അതിന് വ്യക്തമായ മറുപടിയുമായി റിങിങ് ബെൽസ് കമ്പനി പ്രസിഡന്റ് അശോക് ഛദ്ധ രംഗത്തുവന്നിരിക്കുന്നത്. ഫോണ്‍ നിര്‍മാണത്തിന് 1500രൂപയോളം വരുമെന്നാണ് ഛദ്ധ വ്യക്തമാക്കുന്നത്. തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാട്‌സുകള്‍ മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ വികസിപ്പിച്ചെടുക്കുന്നതുവഴി നേട്ടമുണ്ടാക്കാന്‍ സാധിക്കും. പിന്നെ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നതുവഴി ലാഭം ഉണ്ടാക്കാന്‍ സാധിക്കും. കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നതുവഴി കൂടുതല്‍ ഫോണുകള്‍ നിര്‍മിക്കാന്‍ സാധിക്കുന്നത് വലിയ ഒരു ലാഭത്തിന് വഴിവെക്കുമെന്നും അശോക് ഛദ്ധ വ്യക്തമാക്കി. എന്നാല്‍ ഈ മാര്‍ഗത്തിലൂടെ കുറഞ്ഞ ലാഭം മാത്രമെ ഉണ്ടാകുകയുള്ളുവെന്നും ഈ പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ നൂതനമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രീഡം 251ൽ പ്രീ ഇൻസ്റ്റാൾ ചെയ്ത് ചില ആപ്ലിക്കേഷനുകളും നൽകുന്നുണ്ട്. കോടിക്കണക്കിനു പേർ വാങ്ങുന്ന ഫോണിൽ ആപ് ഇൻസ്റ്റാൾ ചെയ്യാൻ താൽപര്യമുള്ള കമ്പനികളുമായും റിങിങ് ബെൽസ് ചർച്ച നടത്തുന്നുണ്ട്. അതുവഴിയും കിട്ടും കുറച്ച് ലാഭം.

അതേസമയം, മോഹിത് ഗോയല്‍ എന്ന കമ്പനി ഡയറക്‍ടറുടെ ചരിത്രവും ഇന്ന് വാര്‍ത്തയില്‍ നിറഞ്ഞിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഗാര്‍ഹിപുഖ്ത ഗ്രാമത്തിലെ പലചരക്കുകടയുടമയായ മോഹിത് ഗോയല്‍ എങ്ങനെയാണ്  എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ വളര്‍ന്നതെന്നാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്. പിതാവ് നടത്തുന്ന  പലചരക്ക് കടയില്‍ അച്ഛനെ സഹായിക്കുകയും സാധനങ്ങള്‍ എടുത്തു കൊടുക്കാനും നിന്നിരുന്ന മോഹിത് ഗോയല്‍ ഇപ്പോള്‍
രാജ്യത്തെ കബളിപ്പിക്കുകയാണോ അമ്പരപ്പിക്കുകയാണോ എന്നാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്നത്.

ചെറുപ്പകാലത്തും പഠനകാലത്തും പിതാവിനെ ചുറ്റിപ്പറ്റി നടന്ന മോഹിത് നോയ്‌ഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ബിസിനസ് ആരംഭിക്കുകയായിരുന്നു. തുടര്‍ പഠനത്തില്‍ വലിയ താല്‍പ്പര്യമില്ലാതിരുന്ന മോഹിതിന് ബിസിനസ് നടത്താന്‍ പിതാവ് ലോണെടുത്തു നല്‍കിയതോടെ പുതിയ തലത്തില്‍ ശക്തമായി മുന്നേറുകയായിരുന്നു. മൊബൈല്‍ കമ്പനി ആരംഭിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. അതിന്റെ ഭാഗമായി ഓഫീസ് ആരംഭിക്കുകയും ചെയ്‌തു. തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് വളരെ നാളുകളായി അകന്നുനിന്ന മോഹിത് പിന്നെ വെളിച്ചെത്ത് എത്തുന്നത്  ഫ്രീഡം 251 എന്ന ഫോണുമായിട്ടാണെന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്.

എന്നാല്‍, ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്‌മാര്‍ട്ട് ഫോണായ ഫ്രീഡം 251 അവതര്‍പ്പിച്ച റിങിങ് ബെൽസ് കമ്പനി നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മാണത്തിന് 2,300 രൂപയെങ്കിലും ആവശ്യമായിരിക്കെ 251 രൂപയ്‌ക്ക് എങ്ങനെ ഫോണ്‍ വില്‍ക്കാന്‍ സാധിക്കുമെന്നതാണ് കമ്പനിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ കാരണമായത്. ഇതേക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് ലഭിച്ചതായാണ് വിവരം.

വെബ്ദുനിയ വായിക്കുക