മഴയ്‌ക്ക് ശമനം; ചെന്നൈ നഗരം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു

ഞായര്‍, 6 ഡിസം‌ബര്‍ 2015 (11:03 IST)
വെള്ളപ്പൊക്കത്തില്‍ നാശമായ ചെന്നൈ നഗരം ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. വിമാനത്താവളം ഭാഗികമായി തുറന്നു. ഉച്ചയോടെ രാജ്യന്തര സര്‍വ്വീസുകള്‍ ആരംഭിക്കും. റെയില്‍‌വെ, റോഡ് ഗതാഗതം സാധാരണനിലയിലേക്ക് നീങ്ങിക്കഴിഞ്ഞു. വൈദ്യുതബന്ധങ്ങള്‍ പലയിടത്തും സ്ഥാപിക്കപ്പെട്ടു. മലയാളികളുടേത് അടക്കമുള്ള മിക്ക കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

പച്ചക്കറികളുടെ വില ഉയരുകയാണെങ്കിലും ചെന്നൈയിലേക്ക് ആവശ്യസാധനങ്ങള്‍ എത്താന്‍ തുടങ്ങി. പാല്‍, പച്ചക്കറി, അരി, പഴവര്‍ഗങ്ങള്‍ എന്നിവയുമായി ലോറികള്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ചേരുന്നുണ്ട്. പലയിടത്തും പാലിന് ഇരട്ടി രൂപയാണ് വാങ്ങുന്നത്. ചൊവ്വാഴ്‌ചയോടെ സ്ഥിതിഗതികള്‍ നേരെയാകും. അതേസമയം, ഗ്രാമപ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്.

ചെന്നൈ എഗ്‌മോര്‍ സ്റ്റേഷനില്‍നിന്ന് ചില ട്രെയിനുകള്‍ ഓടിത്തുടങ്ങി. ചെന്നൈ സെന്‍ട്രലില്‍നിന്ന് അടുത്ത ദിവസങ്ങളില്‍ പൂര്‍ണതോതില്‍ ട്രെയിന്‍ ഗതഗതം പുനഃസ്ഥാപിക്കും. ശനിയാഴ്ച വൈകീട്ടോടെ ഇവിടെനിന്ന് ആദ്യ ട്രെയിന്‍ പുറപ്പെട്ടു.

വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങിയ മലയാളികള്‍ നഗരത്തിനു പുറത്തെ ആരക്കോണം, തിരുവള്ളൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍നിന്ന് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിനുകളില്‍ യാത്രതിരിച്ചുതുടങ്ങി.

വെബ്ദുനിയ വായിക്കുക