പാര്‍‌ലമെന്റിലെ ആദ്യ ചോദ്യക്കാരന്‍ ഇടുക്കി എം‌പി!

ബുധന്‍, 9 ജൂലൈ 2014 (08:36 IST)
പതിനാറാം ലോക്‌സഭയിലെ നവാഗത എംപിമാരില്‍ ആദ്യ ചോദ്യക്കാരന്‍ ഇടുക്കി എം‌പി. ചോദ്യം ചോദിക്കാനുള്ള ആദ്യ അവസരം ലഭിച്ചത് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിനാണ്. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളില്‍നിന്ന് നറുക്കിട്ടെടുത്തപ്പോഴാണ് ഇടുക്കി എംപിക്ക് കുറി വീഴുകയായിരുന്നു.
 
കേരളത്തിലെ ആദ്യകാല നാടക കലാകാരന്മാരുടെ സാമൂഹികജീവിത മുന്നേറ്റത്തിന് സര്‍ക്കാര്‍ സഹായം നല്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീപദ് യശോദ് നായ്ക് ആണ് ചോദ്യത്തിന് മറുപടി നല്കിയത്. രണ്ട് ഉപചോദ്യങ്ങള്‍കൂടി ചോദിക്കാന്‍ എംപിക്ക് അവസരം ലഭിച്ചു. പരമ്പരാഗത കലാകാരന്മാരെ ഗോത്രവര്‍ഗ കലകളും ആദിവാസി സംസ്‌കാരവുമായി കൂട്ടിയോജിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ എന്നായിരുന്നു ഒരു ഉപചോദ്യം. 
 
കലാകാരന്മാര്‍ക്കുള്ള ധനസഹായത്തിനായി 2013ല്‍ 196 കോടി മാറ്റിവച്ചിരുന്നത് 2014- ല്‍ 60 കോടിയായി ചുരുക്കിയതിനെക്കുറിച്ചും എംപി ചോദ്യമുന്നയിച്ചു. ഈ തുക വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക