ഇഷ്‌ടപ്പെട്ട പാട്ടിനെച്ചൊല്ലി വിവാഹ പന്തലില്‍ കൂട്ടയടി; വിനയായത് ഹിന്ദി സിനിമാ ഗാനം
വ്യാഴം, 14 ജൂലൈ 2016 (17:06 IST)
വിവാഹ ആഘോഷത്തില്‍ ഇഷ്‌ടപ്പെട്ട പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ട് പന്തലില്‍ കൂട്ടയടി. കാണ്‍പൂരില്‍ രാജേന്ദ്രകുമാര്‍ എന്നയാളുടെ മകളുടെ വിവാഹത്തിലാണ് മദ്യലഹരിയിലായിരുന്നു രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയത്. സാഹചര്യം കൈവിട്ടതോടെ പൊലീസ് എത്തി ഇവരെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
പാട്ട് പ്ലേ ചെയ്‌തു കൊണ്ടിരുന്നയാളോട് മദ്യലഹരിയിലായിരുന്ന ഒരു സംഘമാളുകള്‍ പ്രശസ്‌തമായ ഹിന്ദി സിനിമാ ഗാനം വെയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഇയാള്‍ ആവശ്യപ്പെട്ട പാട്ട് വെച്ചു നല്‍കുകയും ചെയ്‌തു. ഈ സമയം വേറൊരു സംഘം പാട്ട് മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും വാക്കേറ്റമുണ്ടാകുകയുമായിരുന്നു. തര്‍ക്കം ശമിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും മദ്യലഹരിയിലായിരുന്ന ഇരു സംഘവും ഏറ്റുമുട്ടുകയായിരുന്നു.
വിവാഹ പന്തല്‍ സംഘര്‍ഷം നിറഞ്ഞപ്പോള്‍ ആരോ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തി ഇരു വിഭാഗത്തെയും സ്‌റ്റേഷനിലേക്ക് കൂട്ടി കൊണ്ടു പോകുകയും ചെയ്‌തു. ഏറെ നേരത്തിന് ശേഷം വീട്ടുകാര്‍ സ്‌റ്റേഷനില്‍ എത്തി പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്നാണ് എല്ലാവരെയും പൊലീസ് വിട്ടയച്ചത്. ഇവര്‍ രാജേന്ദ്രകുമാറിനോട് മാപ്പ് പറയുകയും ചെയ്‌തു.