സ്വാതി കൊലക്കേസ്: എയിംസിലെ വിദഗ്ധരുടെ സാന്നിധ്യത്തിൽ രാംകുമാറിന്റെ പോസ്റ്റുമോർട്ടം നടന്നു

ശനി, 1 ഒക്‌ടോബര്‍ 2016 (15:18 IST)
ചെന്നൈയിൽ ഇൻഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന രാംകുമാറിന്റെ പോസ്റ്റുമോർട്ടം ശനിയാഴ്ച നടക്കും. പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ ഡൽഹിയിലെ അഖിലേന്ത്യാ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രതിനിധി വേണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. 
 
രാംകുമാറിന്റെ പോസ്റ്റുമോർട്ടം ഒക്ടോബർ ഒന്നിനുള്ളിൽ വേണമെന്നും കോടതി നിർദേശിച്ചിരുന്നു. മരണശേഷം പോസ്റ്റുമോർട്ടം ചെയ്യാൻ ശ്രമിച്ചെങ്കിലും രാംകുമാറിന്റെ കുടുംബം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ എയിംസിലെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ മാത്രം പോസ്റ്റുമോർട്ടം ചെയ്യുക എന്ന് കോടതി നിർദേശിച്ചു. തങ്ങൾക്ക് വിശ്വാസമുള്ള ഡോക്ടറെ ഇതിനായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ പിതാവ് നൽകിയ ഹർജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയതോടെയാണ് ഇന്ന് പോസ്റ്റുമോർട്ടം നടത്തിയത്. 
 
ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽ സെപ്തംബർ 18 ഞായറാഴ്ച വൈകുന്നേരമാണ് രാംകുമാർ ആത്മഹത്യ ചെയ്തത്. വൈദ്യുതി കമ്പിയിൽ കടിച്ച് ജീവനൊടുക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റ നിലയിൽ കണ്ടെത്തിയ രാംകുമാറിനെ റായ്പേട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

വെബ്ദുനിയ വായിക്കുക