അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ഇനി എന്തു ചെയ്യണം ?; പുതിയ നിര്‍ദേശം പുറത്ത്
ഞായര്‍, 11 ഡിസംബര്‍ 2016 (12:12 IST)
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ അവശ്യ സേവനങ്ങൾക്ക് ഉപയോഗിക്കുന്നത് ശനിയാഴ്ച അർധ രാത്രി മുതൽ നിർത്തി. റെയിൽവേ ടിക്കറ്റ് കൗണ്ടറുകൾ, സർക്കാർ നിയന്ത്രിത ബസ് ടിക്കറ്റ് കൗണ്ടർ, റെയിൽവേ കാറ്ററിംഗ് സർവീസ്, സബർബൻ റെയിൽവേ, മെട്രോ റെയിൽവേ എന്നിവിടങ്ങളിലും ഈ നോട്ടുകൾ ഇനി സ്വീകരിക്കില്ല.
അതേസമയം, ഈ മാസം അവസാനം വരെ പിൻവലിച്ച 500, 1000 രൂപാ നോട്ടുകൾ ഈ മാസം അവസാനം വരെ ബാങ്കുകളിൽ നിക്ഷേപിക്കാവുന്നതാണ്.
സർക്കാർ ആശുപത്രികൾ, ഫാർമസികൾ, കൺസ്യൂമർ സഹകരണ സ്റ്റോറുകൾ സർക്കാർ നിയന്ത്രണത്തിലുള്ള പാൽ ബൂത്തുകൾ, സെമിത്തേരികൾ, ശ്‌മശാനങ്ങൾ എന്നിവിടങ്ങളിൽ ഈ മാസം 15 വരെ പഴയ നോട്ടുകൾ സ്വീകരിക്കും.
പാചക വാതക സിലണ്ടറുകളുടെ പണമടക്കാനും ചരിത്ര സ്മാരകങ്ങളുടെ ടിക്കറ്റ് വാങ്ങാനും സർക്കാര്‍ ഫീസുകൾ, നികുതികൾ, പിഴയൊടുക്കൽ, ജല, വൈദ്യുതി ബില്ലുകൾ അടക്കുന്നതിന്, കാർഷിക വിത്തുകൾ വാങ്ങുന്നതിന്, സർക്കാർ സ്കൂളുകളിലെയും കോളേജുകളിലേയും 2000 രൂപ വരെയുള്ള ഫീസ് അടയ്ക്കുന്നതിനും പ്രീ പെയ്ഡ് മൊബൈൽ ഫോണുകളിൽ 500 രൂപയുടെ റീചാർജിംഗിനും ഡിസംബർ 15 വരെ ഇളവ് ഉണ്ടായിരിക്കും.