പാളയത്തില്‍ പടയൊരുക്കം, ഡല്‍ഹിയില്‍ ബിജെപി വിയര്‍ക്കുന്നു

വെള്ളി, 30 ജനുവരി 2015 (08:12 IST)
ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബിജെപി സംസ്ഥാന ഘടകം പാളയത്തില്‍ പട തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ തലയ്ക്കു മുകളിലൂടെ കിരണ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതാണ് സംസ്ഥാന ഘടകത്തിലെ അതൃപ്തിക്ക് കാരണം. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസ്ഥാന ഘടകം കാര്യക്ഷമമായി ഇടപെടുന്നില്ല എന്ന് കണ്ടതോടെ കേന്ദ്രമന്ത്രിമാരും, സമീപ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഡല്‍ഹിപ്രചരണത്തിന്റെ അമരത്തേക്ക് എത്തിച്ചാണ് ബിജെപി കേന്ദ്ര നേതൃത്വം മുഖം രക്ഷിച്ചത്.
 
കിരണ്‍ ബേദിയും പാര്‍ട്ടിയും തമ്മില്‍ ഏകോപനമില്ലായ്‌മയാണു പ്രതികൂലമാകുന്നത്‌. അതിനിടെ, താന്‍ അധികാരത്തിലെത്തിയാല്‍ സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി സ്വീകരിക്കുന്ന 25 കാര്യങ്ങള്‍ എന്ന്‌ കിരണ്‍ ബേദി ട്വിറ്ററില്‍ പ്രസ്‌താവിച്ചതും പാര്‍ട്ടി നേതൃത്വവുമായുള്ള ഏകോപനമില്ലായ്‌മയ്‌ക്കു തെളിവായി. ഡോ. ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ ബിജെപി പ്രകടന പത്രിക തയാറാക്കുന്ന സമയത്തായിരുന്നു ഇത്‌. കിരണ്‍ ബേദിയുടെ പ്രസ്‌താവനയും പ്രകടനപത്രികയിലെ കാര്യങ്ങളും യോജിക്കില്ലെന്നു വ്യക്‌തമായതോടെ പ്രകടന പത്രികയ്‌ക്ക്‌ പകരം വിഷന്‍ ഡോക്യൂമെന്റ്‌ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്‌ ബിജെപി. 
 
മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കു പുറമേ കേന്ദ്ര മന്ത്രിമാര്‍, 120 എംപിമാര്‍ തുടങ്ങിയവരോട്‌ ഡല്‍ഹിയില്‍ കേന്ദ്രീകരിക്കാന്‍ അമിത്‌ ഷാ നിര്‍ദേശിച്ചു. വരുന്ന ഒമ്പതുദിവസം ആം ആദ്‌മി പാര്‍ട്ടിക്കും അരവിന്ദ്‌ കെജ്‌രിവാളിനുമെതിരേ ശക്‌തമായ പ്രചരണം നടത്താനാണു തീരുമാനം. കൂടാതെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ആര്‍‌എസ്‌എസ് രംഗത്തിറങ്ങുമെന്നും സൂചനയുണ്ട്. 
 
എ.ബി.പി-നീല്‍സണ്‍ സര്‍വെ പ്രകാരം ആം ആദ്‌മി പാര്‍ട്ടിക്ക്‌ 51 ശതമാനവും ബി.ജെ.പിക്ക്‌ 41 ശതമാനവും വോട്ടു നേടുമെന്ന്‌ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. ഹിന്ദുസ്‌ഥാന്‍ ടൈംസ്‌-സീ ഫോര്‍ സര്‍വേ ആകട്ടെ 38 സീറ്റുകള്‍ വീതം ഇരു പാര്‍ട്ടികളും നേടാന്‍ സാധ്യതയുണ്ടെന്നും പോരാട്ടം കടുത്തതാണെന്നും സൂചിപ്പിച്ചു. രണ്ടു സര്‍വേയിലും മുഖ്യമന്ത്രി സ്‌ഥാനത്തേക്കു കെജ്‌രിവാളിന്റെ പേരിനാണു മുന്‍തൂക്കം. ഇതാണ് ആര്‍‌എസ്‌എസ്  രംഗത്തിറങ്ങാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണം.
 
കെജ്രിവാളിനെതിരായ പ്രചരണത്തിന്റെ ഭാഗമായി ആം‌ആദ്മിയുടെ തന്ത്രങ്ങള്‍ തന്നെ തിരിച്ചുപയോഗിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. കെജ്‌രിവാളിനോട്‌ ദിവസവും അഞ്ചു ചോദ്യങ്ങള്‍ എന്ന പരിപാടിയാണ് ബിജെപി തുടങ്ങിവച്ചത്. എന്നാല്‍ നിരവധി തവണ ഉത്തരം പറഞ്ഞ്‌ പഴകിയ ചോദ്യങ്ങളല്ലാതെ പുതിയവ എന്തെങ്കിലുമുണ്ടോയെന്നു ചോദിച്ച്‌ ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ യോഗേന്ദ്ര യാദവ്‌ ബിജെപിയുടെ ചോദ്യങ്ങളെ പുച്‌ഛിച്ചു തള്ളി.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക