2000 രൂപ നോട്ട് സ്കാൻ ചെയ്താൽ പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാം

ശനി, 19 നവം‌ബര്‍ 2016 (09:32 IST)
രാജ്യത്ത് നോട്ട് അസാധുവാക്കിയതും പുതിയ നോട്ടുകൾ എത്തിയതും വളരെ പെട്ടന്നായിരുന്നു.  ആയിരത്തിന്റെ‌ നോട്ടു കാണുമ്പോൾ കണ്ണു മഞ്ഞളിച്ചവരൊക്കെ അതെങ്ങനെയെങ്കിലും തലയിൽ നിന്നു പോയാല്‍ മതിയെന്നു ചിന്തിക്കാൻ തുടങ്ങി. ജൂനിയർ മാൻഡ്രേക്കിലെ പ്രതിമ കൈമാറുന്നതുപോലെ പലരും ആയിരവും അഞ്ഞൂറുമായി നടന്നു. നോട്ട് പിൻമാറ്റം ചർച്ചയാകുമ്പോൾ നോട്ട് സ്‌കാന്‍ ചെയ്താല്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പും എത്തി എന്നതാണ് ഏറ്റവും പുതിയ വാർത്ത.
 
മോദി കീനോട്ട് എന്നാണ് ആപ്പിന്റെ പേര്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പുതിയ 2000, 500 രൂപ നോട്ടിലെ സെക്യൂരിറ്റ് ത്രഡ് സ്‌കാന്‍ ചെയ്താല്‍ നവംബര്‍ എട്ടിന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി നടത്തിയ പ്രസംഗം കാണാനും കേൾക്കാനും ‌കഴിയും.
 
ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത 2000 രൂപയുടെ നോട്ട് ഈ ആപ്പുള്ള ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്താലും മതി. മോദിയുടെ പ്രസംഗം കേൾക്കാം. ഒരു മിനിറ്റാണ് ദൈര്‍ഘ്യം. ഇതിൽ കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ മോദി സംസാരിക്കുന്ന ഭാഗമാണ് കാണാനുക. ബെംഗളൂരു ആസ്ഥാനമായുള്ള ബാര സ്‌കള്‍ സ്റ്റുഡിയോസാണ് ഈ ആപ്പ് നിര്‍മ്മിച്ചത്.

വെബ്ദുനിയ വായിക്കുക