പണമിടപാടിന്റെ പരിധി കൂട്ടി: എടിഎമ്മിൽനിന്ന് ദിവസം 2500രൂപയും ബാങ്കില്‍ നിന്ന് ഒരാഴ്ച 24,000 രൂപയും പിന്‍‌വലിക്കാം

തിങ്കള്‍, 14 നവം‌ബര്‍ 2016 (07:51 IST)
നോട്ടുകള്‍ പിന്‍‌വലിച്ചതിലൂടെയുള്ള ജനങ്ങളുടെ ദുരിതം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് പുതിയ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നു. ഒരു ദിവസം എ ടി എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 2000ല്‍നിന്ന് 2500 രൂപയായി വര്‍ധിപ്പിച്ചു. അതോടൊപ്പം ഒരാഴ്ച ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുക 20,000ല്‍നിന്ന് 24,000 രൂപയായും അസാധു നോട്ടുകൾ മാറ്റുന്നതിനുള്ള പരിധി 4000രൂപയില്‍ നിന്നും 4500 രൂപയായും വര്‍ധിപ്പിച്ചു.
 
അതേസമയം, പുതിയ 500 രൂപയുടെ നോട്ടുകൾ വിതരണത്തിനായി ബാങ്കുകളിൽ എത്തിത്തുടങ്ങി. എസ്ബിഐയുടെ ഡൽഹി ശാഖയിലാണ് ഈ നോട്ടുകൾ വിതരണം ചെയ്തത്. പ്രായമാ‍യവര്‍ക്കും സ്ത്രീകൾക്കും നോട്ടുകൾ മാറ്റിവാങ്ങാൻ ബാങ്കുകളിൽ പ്രത്യേക വരി ഏർപ്പെടുത്തണമെന്നും ആസ്പത്രികളും എല്ലാ കച്ചവട സ്ഥാപനങ്ങളും ചെക്ക്, ഡി.ഡി തുടങ്ങിയവ സ്വീകരിക്കണമെന്നും ഈ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ ജില്ലാ കളക്ടര്‍ക്ക് നടപടി എടുക്കാമെന്നും ധനമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക