ബിജെപിയുടെ ഭരണം അവസാനിപ്പിക്കാനാണെങ്കില്‍ കൂടി കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള രാഷ്ട്രീയ ധാരണയും വേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയില്‍ ധാരണ. പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തിന് വേണ്ടിയാണ് ഈ കരട് രേഖ തയ്യാറാക്കിയത്. പിബി അംഗം പ്രകാശ് കാരാട്ടിന്റെ ബദൽ രേഖയ്ക്കാണ് പിബിയിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചതെന്നതും ശ്രദ്ധേയമായി.
വ്യത്യസ്ത അഭിപ്രായമുയർന്നതോടെ യച്ചൂരിയുടേയും കാരാട്ടിന്റെയും നിലപാടുകള്‍ കേന്ദ്രകമ്മിറ്റിയിൽ ചർച്ചയായേക്കും. ബിജെപിയെ തറപറ്റിക്കാന്‍ മതേതര ചേരി വേണമെന്ന നിലപാടായിരുന്നു സീതാറാം യച്ചൂരി ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ ബിജെപിയാണ് മുഖ്യശത്രുവെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുമായുള്ള സഖ്യമോ, സഹകരണമോ വേണ്ടെന്നാണ് കാരാട്ട് പക്ഷം പറയുന്നത്.
തര്‍ക്കം തുടര്‍ന്നതോടെയാണ് യച്ചൂരി തന്റെ നിലപാട് മയപ്പെടുത്തിയത്. ബൂര്‍ഷ്വാ പാര്‍ട്ടിയുമായി സഖ്യമോ, മുന്നണിയോ വേണ്ടെന്നുതന്നെയാണ് യച്ചൂരിയുടെ പുതിയ നിലപാട്. അതേസമയം, ബിജെപിയെ തോല്‍പ്പിക്കാന്‍ സമയത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് തെരഞ്ഞെടുപ്പ് അടവുനയങ്ങള്‍ രൂപീകരിക്കാമെന്നും യച്ചൂരിയുടെ പുതിയ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.