ദാദ്രി മോഡല്‍ കര്‍ണാടകയിലും; കാലികളുമായി പോയ യുവാവിനെ ബജ്‌റംഗ്‌ദള്‍ ആക്രമിച്ചു

ശനി, 10 ഒക്‌ടോബര്‍ 2015 (14:23 IST)
ദാദ്രി സംഭവത്തിന്റെ അലയൊലികള്‍ രാജ്യത്തെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കേ സമാനമായ ആക്രമണം കര്‍ണാടകയിലെ ഉഡുപ്പിയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കാലികളുമായി പോയ യുവാവിനെ ഒരുസംഘം ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. അറുക്കാനായി പശുവിനെ വാങ്ങിയെന്നാരോപിച്ചായിരുന്നു ആക്രമണം. കാലിവളര്‍ത്തല്‍ തൊഴിലായ ഇബ്രാഹീം എന്നയാളെയാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.

ഉഡുപ്പി ജില്ലയിലെ തീരദേശ ഗ്രാമമായ കര്‍ക്കലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് കര്‍ഷകരില്‍നിന്ന് വാങ്ങിയ മൂന്നു പശുക്കളും രണ്ട് കാളകളുമായി മടങ്ങുകയായിരുന്നു ഇബ്രാഹീം. 30ഓളം വരുന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇരുമ്പു ദണ്ഡും ചെയിനും ഉപയോഗിച്ച് ഇബ്രാഹിമിനെ മര്‍ദ്ധിക്കുകയായിരുന്നു.

സംഭവത്തില്‍ 10 ബജ്റംഗ് ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി ഉഡുപ്പി എസ്.പി. കെ. അണ്ണാമലൈ പറഞ്ഞു. ബജ്റംഗ് ദള്‍ ഉഡുപ്പി ജില്ലാ കണ്‍വീനര്‍ കെ.ആര്‍. സുനില്‍ സംഭവത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തു. പശുക്കളെ രക്ഷിക്കുന്ന തങ്ങളുടെ 16മത്തെ ഓപറേഷനാണ് ഇതെന്നും സുനില്‍ പറഞ്ഞു. തങ്ങളുടെ മര്‍ദനം ഇബ്രാഹീം ഇനി മറക്കില്ല, മറ്റുള്ളവര്‍ക്കും ഇത് പാഠമാണ് -സുനില്‍ പറഞ്ഞു.

അതേസമയം ഇബ്രാഹീമിനെതിരെ മോഷണകുറ്റം ചുമത്താനും ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പെര്‍മിറ്റില്ലാതെ ജീപ്പില്‍ മൃഗങ്ങളെ കൊണ്ടുപോയതിന് ഇബ്രാഹീമിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അറുക്കാനായാണ് പശുവിനെ വാങ്ങിയതെന്ന ആരോപണം ഇബ്രാഹീം നിഷേധിച്ചു.

വെബ്ദുനിയ വായിക്കുക