കോണ്‍ഗ്രസ് മറന്ന നരസിംഹറാവുവിനെ ഏറ്റെടുക്കാന്‍ ബിജെപി നീക്കം
ബുധന്‍, 1 ഏപ്രില്‍ 2015 (15:30 IST)
രാജ്യത്ത് നവ ഉദാര വത്കരണത്തിനും വികസന വിപ്ലവത്തിനു വഴിതുറന്ന വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും കാരണക്കാരനായ മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിനെ ആദരിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നീക്കം തുടങ്ങി. റാവുവിന് ഡല്‍ഹിയില്‍ സ്മാരകം വേണമെന്ന തെലങ്കാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഇത്. ഏക്ത സ്ഥല്‍ സമാധി കോംപ്ലക്‌സിലാണ് റാവുവിന് മാര്‍ബിളില്‍ തീര്‍ത്ത സ്മാരകം ഒരുക്കാന്‍ ഉദ്ദേശിക്കുന്നത്.
രാജ്യത്തെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രിയെന്ന നിലയ്ക്കാണ് റാവുവിനെ ആദരിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നത്. ഇതോടെ ഒരു കോണ്‍ഗ്രസ് നേതാവിനേക്കൂടി പാര്‍ട്ടിയുടെ പൈതൃകത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാനുള്ള സുവര്‍ണാവസരമാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് റാവുവിന് സ്മാരകം വേണമെന്ന പ്രമേയം തെലുങ്കാന മന്ത്രിസഭ പാസ്സാക്കിയതും കേന്ദ്രത്തിന് കൈമാറിയതും.
കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാതിരുന്ന നരസിംഹ റാവുവിനെ കേന്ദ്രസര്‍ക്കാര്‍ സ്മാരകം നിര്‍മ്മിച്ച് ആദരിക്കുന്നത് കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കും. മുന്‍ പ്രസിഡന്റുമാരായ ശങ്കര്‍ ദയാല്‍ ശര്‍മ, കെ.ആര്‍.നാരായണന്‍, ആര്‍.വെങ്കട്ടരാമന്‍, ഗ്യാനി സെയില്‍സിങ്, മുന്‍പ്രധാനമന്ത്രിമാരായ ചന്ദ്രശേഖര്‍, ഐ.കെ.ഗുജ്‌റാള്‍ എന്നിവരുടെ സ്മാരകങ്ങള്‍ക്കൊപ്പമാകും ഇദ്ദേഹത്തിന്റെയും സ്മാരകം ഉയരുക. അതേസമയം ക്രഡിറ്റ് ബിജെപി കൊണ്ടുപോകുന്നത് തടയാന്‍ റാവുവിന് സ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്.