ശിശുദിനത്തില്‍ ഗൂഗിള്‍ ഇന്ത്യയ്ക്ക് ഡൂഡില്‍ ഒരുക്കിയത് കാര്‍ത്തിക്

ശനി, 14 നവം‌ബര്‍ 2015 (12:19 IST)
ശിശുദിനത്തില്‍ ഗൂഗിള്‍ ഇന്ത്യയ്ക്ക് ഡൂഡില്‍ ഒരുക്കിയത് ആന്ധ്രാപ്രദേശ് സ്വദേശിയായ പി കാര്‍ത്തിക്. ഡൂഡില്‍ 4 ഗൂഗിള്‍ 2015 മത്സരത്തില്‍ നിന്ന് തെരഞ്ഞെടുത്തതാണ് ഈ ഡൂഡില്‍. രാജ്യത്തെ കുട്ടികള്‍ക്കായി ഗൂഗിള്‍, ഡൂഡില്‍ മത്സരം സംഘടിപ്പിച്ചിരുന്നു. ‘ഇന്ത്യയ്ക്കു വേണ്ടി എന്തെങ്കിലും സൃഷ്‌ടിക്കുക’ എന്നതായിരുന്നു വിഷയം
 
മത്സരത്തില്‍ മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്ന രചന ശിശുദിനത്തില്‍ ഗൂഗിള്‍ ഇന്ത്യ ഡൂഡില്‍ ആക്കുമെന്ന് ഗൂഗിള്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് വിജയിയായ കാര്‍ത്തിക് തയ്യാറാക്കിയ ചിത്രം ഡൂഡില്‍ ആയത്. ആന്ധ്രാപ്രദേശിലെ ശ്രീ പ്രകാശ് വിദ്യാനികേതന്‍ വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്. ‘പ്ലാസ്റ്റിക് റ്റു എര്‍ത്ത് മെഷീന്‍’ എന്ന വിഷയത്തിലായിരുന്നു കാര്‍ത്തിക് ഡൂഡില്‍ തയ്യാറാക്കിയത്. 
 
അവസാന 12 എന്‍ട്രികളില്‍  നിന്നാണ് കാര്‍ത്തിക്കിന്റെ ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തെക്കുറിച്ച് കാര്‍ത്തിക് പറയുന്നത് ഇങ്ങനെ, “ചിത്രത്തില്‍ കാണുന്ന വലിയ മെഷീന്‍ ഭൂമിയിലെ മുഴുവന്‍ പ്ലാസ്റ്റിക്കിനെയും ഭൂമിയുടെ ഉപയോഗത്തിനായി മാറ്റുന്ന രീതിയിലാണ്. പ്ലാസ്റ്റികിനെ പച്ചപ്പിലേക്ക് മാറ്റാന്‍ ഈ മെഷീനു കഴിയും’.
 
ഗ്രൂപ്പ് രണ്ടില്‍, “ഹരിതനഗരം സ്വപ്നനഗരം’ എന്ന വിഷയത്തില്‍ ഡൂഡില്‍ തയ്യാറാക്കിയ ഇതേ സ്കൂളിലെ പി രമ്യയാണ് മറ്റൊരു വിജയി. ഒരു ഹരിതനഗരം നിര്‍മ്മിക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് രമ്യ വ്യക്തമാക്കുന്നു.
 
ഗ്രൂപ്പ് മൂന്നില്‍, ന്യൂഡല്‍ഹിയിലെ മദര്‍ മേരി സ്കൂളിലെ അഷിത ശര്‍മ്മ തയ്യാറാക്കിയ ഡൂഡില്‍ ആണ് മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. നീല, പിങ്ക, പച്ച നിറങ്ങളിലുള്ള റോബോട്ടുകളില്‍ ഡൂഡില്‍ തയ്യാറാക്കിയ അഷിത മികച്ച ഇന്ത്യയ്ക്കായി തന്റെ റോബോട്ടുകള്‍ പ്രവര്‍ത്തിക്കുമെന്ന് അവകാശപ്പെടുന്നു.

വെബ്ദുനിയ വായിക്കുക