നീതിപീഠത്തിലെ പ്രതിസന്ധി അയയുന്നു; ചീഫ് ജസ്റ്റീസ് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി - ഫുള്‍കോര്‍ട്ട് വിളിക്കാന്‍ സാധ്യത

ചൊവ്വ, 16 ജനുവരി 2018 (16:07 IST)
രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ ഉയർന്നുവന്ന പ്രശ്നങ്ങൾക്ക് ശമനമാകുന്നതായുള്ള റിപ്പോര്‍ട്ട് പുറത്ത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, വിമർശനമുന്നയിച്ച നാല് ജഡ്ജിമാരുമായി ചർച്ച നടത്തിയെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജസ്റ്റീസുമാരായ ജെ.ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍.ബി.ലോകൂര്‍, രഞ്ജന്‍ ഗോഗോയ് എന്നിവരുമായാണ് ഇന്ന് രാവിലെ ചീഫ് ജസ്റ്റീസ് ചർച്ച നടത്തിയെന്നാണ് വിവരം.  
 
സുപ്രീം കോടതിയിൽ വെച്ചു നടന്ന കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടുനിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെയും ചർച്ചകൾ തുടരുമെന്നാണ് സൂചന. എന്നാൽ ഈ വിവരങ്ങളൊന്നും തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 
 
സുപ്രീം കോടതിയിലെ പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും രണ്ടു ദിവസത്തിനുള്ളിൽ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീഷയെന്നും എജി കെ.കെ.വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നങ്ങൾ അവസാനിക്കുന്നുവെന്ന തരത്തിലുള്ള സൂചനകൾ പുറത്തുവരുന്നത്.

വെബ്ദുനിയ വായിക്കുക