ചെന്നൈ സ്ഫോടനം: കേരളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി

ബുധന്‍, 28 മെയ് 2014 (10:06 IST)
ചെന്നൈ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി തമിഴ്നാട് സിബിസിഐഡി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടകളുടെ സ്ലീപ്പര്‍ സെല്ലുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. 
 
ഇന്ത്യന്‍ മുജാഹിദീന്‍, സിമി എന്നീ നിരോധിത തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ ശക്തമായ വേരുകളുണ്ടെന്നാണ് തമിഴ്നാട് സിബിസിഐഡി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരം. ഇവയുടെ സ്ലീപ്പര്‍ സെല്ലുകള്‍ വളരെ സജീവമാണ്. മറ്റുള്ളവര്‍ക്ക് സംശയത്തിനിട നല്‍കാതെ ജോലി ചെയ്ത് സമൂഹത്തില്‍ ജീവിക്കുകയും രഹസ്യമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്യുന്നവരാണ് സ്ലീപ്പര്‍ സെല്ലുകള്‍. ഇവരില്‍ പലര്‍ക്കും ചെന്നൈ സ്ഫോടനവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 
 
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. സ്ഫോടനം നടന്ന ബാംഗൂര്‍ ഗുവാഹത്തി എക്സ്പ്രസ് ട്രെയിനില്‍ വ്യാജവിലാസത്തില്‍ സഞ്ചരിച്ച മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നേരത്തെ കേരളത്തിലേക്ക് വ്യാപിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ ഉദ്യേഗസ്ഥര്‍ തയ്യാറായില്ല. കൂടാതെ 2008 ല്‍ ബാംഗ്ലൂരില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്ത എറണാകുളം സ്വദേശി എസ് നവാസിന്റെ ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. 
 
ഇതിന്റെ ഭാഗമായി ബാംഗൂര്‍ ക്രൈം ബ്രാഞ്ചിന്റെ സഹായത്തോടെ നവാസിനെയും ചോദ്യം ചെയ്യും. ബാംഗ്ലൂര്‍ സ്ഫോടനത്തിനായി പണം കണ്ടെത്തിയതും ലഷ്കര്‍ ഇ ത്വയ്ബയുടെ സഹായം തേടിയതും നവാസാണെന്നാണ് കര്‍ണാടക പൊലീസിന്റെ വാദം. നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകനായ ഇയാള്‍ കേരളത്തില്‍ നിരവധി യുവാക്കളെ ല ലഷ്കര്‍ ഇ ത്വയ്ബയിലേക്ക് റിക്രൂട്ട് ചെയ്ത കേസിലും പ്രതിയാണ്.

വെബ്ദുനിയ വായിക്കുക