പുതിയ ബൈക്കുകള്‍ക്കൊപ്പം ഹെല്‍മറ്റുകളും നല്കണമെന്ന് മദ്രാസ് ഹൈക്കോടതി

ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (12:12 IST)
പുതിയ ബൈക്കുകള്‍ക്കൊപ്പം രണ്ട് ഹെല്‍മറ്റുകളും നല്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹെല്‍മറ്റ് ലോക്ക് സംവിധാനം ബൈക്കുകളില്‍  നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കി തമിഴ്നാട്ടില്‍ ജൂലൈ ഒന്നിന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ വിധി.
 
ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ജൂലൈ മാസത്തില്‍ റോഡപകടങ്ങളിലെ മരണ നിരക്ക്  താഴ്ന്നിരുന്നു. ജൂണില്‍ അപകട മരണങ്ങള്‍ 582 ആയിരുന്നപ്പോള്‍ ജൂലൈയില്‍ ഇത് 498ലേക്ക് എത്തിയിരുന്നു.അതേസമയം, ഓഗസ്റ്റില്‍ മരണനിരക്ക് വീണ്ടും 571 ആയി ഉയര്‍ന്നു.
 
കണക്കുകള്‍ വിശകലനം ചെയ്ത കോടതി ഹെല്‍മറ്റ് നിര്‍ബന്ധമായി നടപ്പാക്കിയ മാസത്തിലാണ് മരണനിരക്ക് കുറഞ്ഞതെന്ന് നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ബൈക്ക് വാങ്ങുന്നതിനൊപ്പം രണ്ട് ഹെല്‍മറ്റുകളും നല്കണമെന്ന് കോടതി ഉത്തരവിട്ടത്.

വെബ്ദുനിയ വായിക്കുക