ടിപിആർ നിരക്കിനനുസരിച്ച് പരിശോധന വർധിപ്പിക്കണം, സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

ചൊവ്വ, 18 ജനുവരി 2022 (20:33 IST)
കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. പോസിറ്റിവിറ്റി നിരക്കനുസരിച്ച് പരിശോധന കൂട്ടണമെന്നാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.
 
വലിയ രീതിയില്‍ വ്യാപനമുണ്ടായിരുന്ന ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വ്യത്യാസമില്ല. ഈ പ്രദേശങ്ങളിൽ ടെസ്റ്റിങ് കുറയുന്നുവെന്നാണ് ഇത് കാണിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. 
 
ഇതിനെ തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളോടും ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ഇടങ്ങളിൽ പരിശോധന ശക്തമാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
 
കോവിഡ് രോഗികള്‍ക്ക് ചികിത്സയ്ക്ക് ശേഷവും ചുമ തുടരുകയാണെങ്കില്‍ അവര്‍ക്ക് സ്റ്റിറോയിഡ് നല്‍കുന്നതിന് പകരം അവരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന പുതിയ മാർഗരേഖയും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. നിലവിലെ സാഹചര്യം അത്ര ആശ്വാസകരമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍