രണ്ടാം ക്ലാസ് വരെ ഹോം‌ വർക്ക് പാടില്ല, സ്കൂൾ ബാഗിന്റെ ഭാരം കുറയ്‌ക്കണം: കേന്ദ്രത്തിന്റെ പുതിയ നിർദേശം

ബുധന്‍, 9 ഡിസം‌ബര്‍ 2020 (12:11 IST)
വിദ്യാർത്ഥിക‌ളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്‌ക്കുന്നതിന് കേന്ദ്ര സർക്കാർ പുതിയ നയം പുറത്തിറക്കി. ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമായിരിക്കണം സ്കൂൾ വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിന്റെ ഭാരമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശുപാർശ.
 
രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥിക‌ളുടെ പരമാവധി തൂക്കം 22 കിലോയാണ്. അതിനാൽ സ്കൂൾ ബാഗിന്റെ ഭാരം 2 കിലോയിൽ കൂടാൻ പാടുള്ളതല്ല. പ്ലസ് ടു തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാരം 35 മുതല്‍ 50 കിലോ വരെ ആയതിനാല്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരം അഞ്ച് കിലോ ഗ്രാമില്‍ അധികമാകരുതെന്നും നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
 
അതേസമയം രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹോം വർക്ക് നൽകരുതെന്ന നിർണായകമായ ശുപാർശയും പുതിയ നയത്തിലുണ്ട്. ഹോം വർക്കിന് പകരം കുട്ടി സ്കൂൾ അല്ലാത്ത സമയം എങ്ങനെ ചിലവഴിപ്പിച്ചെന്ന് അധ്യാപകർ ക്ലാസിൽ പറയിപ്പിക്കണം.
 
മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ളാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ പരമാവധി രണ്ട് മണിക്കൂര്‍വരെയും ആറ് മുതല്‍ എട്ട് വരെയുള്ള ക്ളാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ ദിവസവും പരമാവധി ഒരു മണിക്കൂര്‍ വരെ ഹോം വര്‍ക്ക് നല്‍കാം.ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ ക്ളാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിദിനം രണ്ട് മണിക്കൂറിലധികം ഹോം വര്‍ക്ക് നല്‍കരുതെന്നും നയത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍