ജൂലൈ ഒന്നുമുതൽ നടത്താനിരുന്ന സിബിഎസ്ഇ 10,പ്ലസ് ടൂ പരീക്ഷകൾ റദ്ദാക്കിയതായി കേന്ദ്ര സർക്കാർ

വ്യാഴം, 25 ജൂണ്‍ 2020 (14:43 IST)
ന്യൂഡൽഹി: സിബിഎസ്ഇ പത്ത്,പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷകൾ റദ്ദാക്കിയതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയാണ് ഈ വിവരം സുപ്രീം കോടതിയിൽ അറിയിച്ചത്.ജൂലൈ ഒന്നുമുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്.
 
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളില്‍ ബാക്കിയുള്ളത്‌ ജൂലായില്‍ നടത്തുന്നതിനെതിരേ ഡല്‍ഹിയിലെ ഒരുകൂട്ടം രക്ഷിതാക്കള്‍ നടത്തിയ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.ഇതോടെ ഇതിനകം നടത്തിയ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ഥികളുടെ മാര്‍ക്ക് തയ്യാറാക്കുക. വിദ്യാർത്ഥികൾക്ക് പരാതിയുണ്ടെങ്കിൽ കുട്ടികൾക്ക് ഇംപ്രൂവ്‌മെന്റിന് പിന്നീട് അവസരമൊരുക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.
 
കൊവിഡ് വ്യാപനം ജൂലായിൽ അതിന്റെ പാരമ്യത്തിലെത്തുമെന്ന എയിംസിന്റെ റിപ്പോർട്ട് ചൂണ്ടികാട്ടിയാണ് ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കയുള്ളതായി പരാതിക്കാര്‍ ഹർജിയിൽ സമർത്ഥിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍