ബോഡോലാന്‍ഡ് തീവ്രവാദികള്‍ അസമിലെ അഞ്ചിടങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. 21 സ്ത്രീകളും 18 കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ രാത്രിയാണ് അഞ്ച് വ്യത്യസ്ത ഇടങ്ങളില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
സമാധാന ചര്‍ച്ചയെ എതിര്‍ക്കുന്ന എന്‍ഡിഎഫ്ബി-എസ് വിഭാഗമാണ് ജനങ്ങളെ കൂട്ടക്കൊല ചെയ്തത്. സോണിത്പൂരിലെ ശാന്തിപൂര്‍ ഗ്രാമത്തിലും കൊക്രജാറിലെ സറള്‍പാറ ഗ്രാമത്തിലും ഇന്നലെ വൈകിട്ടു തീവ്രവാദികള്‍ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സോണിത്പൂരിലാണ് വലിയ കൂട്ടക്കൊല നടന്നത്. മരിച്ചവരെല്ലാവരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.എകെ 47 തോക്ക് ഉപയോഗിച്ച് ഭീകരര്‍ ഗ്രാമവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തെ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗും അപലപിച്ചിരുന്നു. തീവ്രവാദികളെ നേരിടാനായി അസമിലേക്ക് 50 കമ്പനി കേന്ദ്ര സേനയെ അയയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെയും ഗുരുതരമായി പരുക്കേറ്റവരുടെയും കുടുംബത്തിന് അടിയന്തിര സഹായം നല്‍കുന്നതിനായി 86 ലക്ഷം രൂപ അസം സര്‍ക്കാരിന് അനുവദിച്ചിട്ടുണ്ട്.
ഏതു സാഹചര്യവും നേരിടാന്‍ സൈന്യത്തെ അസമില്‍ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന് പ്രതികാരമായി മൂന്ന് ബോഡോ തീവ്രവാദികളെ ഗ്രാമവാസികള്‍ വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി അടച്ചു. സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. തീവ്രവാദികള്‍ക്കെതിരെ സുരക്ഷാസേന നടപടി ശക്തമാക്കിയതിനു പ്രതികാരമായാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു.