ബിജെപിയോട് അയിത്തമില്ലെന്ന് വീണ്ടും വെള്ളാപ്പള്ളി

ബുധന്‍, 29 ജൂലൈ 2015 (12:17 IST)
സംസ്ഥാനത്ത് ഭൂരിപക്ഷ സമുദായം നേരിടുന്ന അവഗണന ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച ചെയ്തെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഡല്‍ഹിയില്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അതേസമയം, ബി ജെ പിയോട് അയിത്തമില്ലെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങള്‍ക്കു മുമ്പില്‍ വീണ്ടും വ്യക്തമാക്കി. എസ് എന്‍ ഡി പിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആരുമായും സഹകരിക്കും. എന്നാല്‍, എസ് എന്‍ ഡി പി ആരുടെയും ചൂലോ വാലോ അല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
 
അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്‌ട്രീയം ചര്‍ച്ചയായെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി, എന്നാല്‍ സഖ്യത്തെക്കുറിച്ച് ചര്‍ച്ചയുണ്ടായില്ലെന്നും അറിയിച്ചു. ഭൂരിപക്ഷ സമുദായ ഐക്യത്തിനായി പ്രവര്‍ത്തിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
ബി ജെ പി സംസ്ഥാന അധ്യക്ഷൻ വി മുരളീധരനും തുഷാർ വെള്ളാപ്പള്ളിയും ചർച്ചയിൽ പങ്കെടുത്തു.  
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് വെള്ളാപ്പള്ളി സമയം ചോദിച്ചിരുന്നു. എന്നാല്‍, മുൻ രാഷ്‌ട്രപതി ഡോ എ പി ജെ അബ്‌ദുള്‍ കലാമിന്റെ നിര്യാണത്തെ തുടർന്ന് പ്രധാനമന്ത്രി തിരക്കിലായതിനാല്‍ അത് സാധിച്ചില്ല. അതിനു പകരമാണ് അമിത് ഷായുമായി വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്.

വെബ്ദുനിയ വായിക്കുക