ജനങ്ങൾ പറയുന്നതുപോലെ അച്ഛേ ദിൻ വരാൻ പോകുന്നില്ല: കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ
ചൊവ്വ, 25 ഓഗസ്റ്റ് 2015 (10:59 IST)
ബിജെപി ഏറെ പഴികേട്ട അഛേ ദിന്‍ വിവാദങ്ങള്‍ ഒടുങ്ങിക്കഴിഞ്ഞതിനു പിന്നാലെ പാര്‍ട്ടിക്കും കേന്ദ്രസര്‍ക്കാരിനും തലവേദന ഉണ്ടാക്കിക്കൊണ്ട് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ രംഗത്ത്. ‘അച്ഛേ ദിൻ’ ബിജെപിയുടെ മുദ്രാവാക്യമല്ലെന്നും ജനങ്ങൾ പറയുന്നതുപോലെ അച്ഛേ ദിൻ വരാൻ പോകുന്നില്ല. അതവർക്ക് മനസ്സിലായിക്കൊള്ളുമെന്നും തോമര്‍ പറഞ്ഞു.
അച്ഛേ ദിൻ വരുമെന്നും രാഹുൽ ഗാന്ധി പുറത്തുപോകേണ്ടി വരുമെന്നും സോഷ്യൽ മീഡിയ വഴിയാണ് ആദ്യം പ്രചാരണം തുടങ്ങിയത്. പിന്നീടതു ജനങ്ങൾ ബിജെപിക്കുമേൽ ചാർത്തി. ഞങ്ങളതു സ്വീകരിച്ചു. എന്നാൽ ഇതൊരിക്കലും ബിജെപിയുടെ മുദ്രാവാക്യമല്ല. 2014 ലെ പൊതു തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുദ്രാവാക്യം അച്ഛേ ദിൻ അല്ലായിരുന്നുവെന്നും തോമർ പറഞ്ഞു.
ബിജെപിയുടെ മുദ്രാവാക്യങ്ങൾ ഇപ്പോഴും അതുപോലെ നിൽക്കുകയാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി വാഗ്ദാനം ചെയ്ത 'അച്ഛേ ദിന്‍' വരാൻ 25 വര്‍ഷം വേണ്ടിവരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.