കേരളം പിടിക്കാന്‍ സുരേഷ് ഗോപി മന്ത്രിയായേക്കും; കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഞായറാഴ്ച - വമ്പന്‍ അഴിച്ചു പണിയുമായി മോദിയും അമിത് ഷായും
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (21:15 IST)
കേന്ദ്ര മന്ത്രിസഭയുടെ പുന:സംഘടന ഞായറാഴ്ച ഉണ്ടാകുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഞയാറാഴ്ച രാവിലെ 10 മണിയോടെ മൂന്നാമത്തെ പുനസംഘടനാ ചിത്രം വ്യക്തമാകും. പുതിയ മന്ത്രിമാരുടെ സത്യപ്രതിഞ്ജയും അന്നുണ്ടാകും.
എന്‍ഡിഎ മുന്നണിയിലെത്തിയ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിനും, അണ്ണാഡിഎംകെയ്ക്കും ക്യാബിനറ്റ് ബെര്‍ത്ത് കിട്ടുമെന്നാണ് സൂചനകള്‍. അതിനൊപ്പം പുനഃസംഘടനയിൽ കേരളത്തിനും പ്രാതിനിധ്യം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. സുരേഷ് ഗോപിയോ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോ മന്ത്രിസഭയിലേക്ക് എത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെ എട്ട് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകള്‍ക്ക് മാറ്റമുണ്ടായേക്കും. നൈപുണ്യ വികസന സഹമന്ത്രി രാജീവ് പ്രതാപ് റൂഡി, ജല വിഭവ മന്ത്രി ഉമാ ഭാരതി, കൃഷി മന്ത്രി രാധാ മോഹൻ സിംഗ്, ജല വിഭവ സഹമന്ത്രി സഞ്ജീവ് ബല്യാൻ, ചെറുകിട സംരംഭക സഹമന്ത്രി ഗിരിരാജ് സിംഗ് എന്നിവര്‍ രാജിവച്ചു. കൂടുതൽ മന്ത്രിമാർ സ്ഥാനമൊഴിഞ്ഞേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കര്‍ണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങള്‍ക്കു മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. രാജസ്ഥാന് പുന:സംഘടനയില്‍ മികച്ച പ്രാതിനിധ്യം കിട്ടിയേക്കുമെന്നാണ് അറിയുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും 3 മന്ത്രിമാര്‍ ഉണ്ടായേക്കും.