ശിവസേനയ്‌ക്ക് തന്റെ ചോരയാണ് വേണ്ടതെങ്കില്‍ അതിനും തയ്യാര്‍: സുധീന്ദ്ര കുല്‍ക്കര്‍ണി
വെള്ളി, 16 ഒക്‌ടോബര്‍ 2015 (11:42 IST)
പാകിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രിയുടെ പുസ്തകപ്രകാശനം നടത്തിയ ചടങ്ങിലെ സംഘാടകനും ബിജെപി നേതാവുമായ സുധീന്ദ്ര കുല്‍ക്കര്‍ണി ശിവസേനക്കെതിരെ വിമര്‍ശനവുമായി രംഗത്ത്. പുസ്‌തക പ്രകാശനം നടത്തിയതില്‍ നിന്ന് ശിവസേനയ്‌ക്ക് തന്റെ ചോരയായിരുന്നു വേണ്ടതെങ്കില്‍ അതിനും തയ്യാറാണ്. അവരുടെ ദാദാഗിരി ഇനി മുംബൈയില്‍ വിലപ്പോകില്ലെന്നും സുധീന്ദ്ര കുല്‍ക്കര്‍ണി വ്യക്തമാക്കി.
ശിവസേന ദേശസ്നേഹത്തിന്റെപേരില്‍ വെറുപ്പിന്റെ രാഷ്‌ട്രീയം പ്രചരിപ്പിക്കുകയാണ്. രാജ്യത്തെയും ബിജെപി സര്‍ക്കാരിനെയും നാണക്കേടിലാക്കിയ ദാദ്രി സംഭവത്തില്‍ പ്രതികരിക്കാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനാധിപത്യമൂല്യങ്ങള്‍ എങ്ങനെയാണ് മുറുകെ പിടിക്കേണ്ടതെന്നും വാജ്പേയില്‍നിന്നും പഠിക്കണമെന്നും സുധീന്ദ്ര കുല്‍ക്കര്‍ണി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പുസ്തകപ്രകാശനം നടത്തിയതിന്റെ പേരില്‍ ഇപ്പോഴും ശിവസേനയുടെ ഭീഷണിയുണ്ട്. എന്നാല്‍ അതിലൊന്നും താന്‍ ശ്രദ്ധിക്കുന്നില്ലെന്നും കുല്‍ക്കര്‍ണി പറഞ്ഞു.