പ്രതിഷേധപ്രകടനം പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ പൊലീസ് കുതിരയുടെ കാല്‍ തല്ലിയൊടിച്ചു. മൂവായിരം പൊലീസുകാരെ വിന്യസിച്ച സ്ഥലത്താണ് ഗണേഷ് ജോഷി എന്ന എംഎല്‍എയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാടിയത്.
ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നയിക്കുന്ന ഹരീഷ് റാവത്ത് സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ പ്രക്ഷോഭം പൊലീസ് തടഞ്ഞതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. അക്രമാസക്‍തരായ ബിജെപി പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാടുകയായിരുന്നു. ഇതിനിടെ എംഎല്‍എ സംസ്ഥാന പൊലീസ് സേനയിലെ 'ശക്തിമാന്‍' എന്ന കുതിരയുടെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു.
കുറുവടി ഉപയോഗിച്ച് കുതിരയുടെ കാലില്‍ ആഞ്ഞടിച്ച എംഎല്‍എയെ പ്രോത്സാഹിപ്പിച്ച് പ്രവര്‍ത്തകര്‍ ചുറ്റും കൂടിയതോടെ തുടര്‍ച്ചയായുള്ള അടിയേറ്റ് കുതിര നിലത്തു വീഴുകയായിരുന്നു. പ്രതിരോധിക്കാന്‍ വന്ന പൊലീസുകാര്‍ക്കുനേരെയും അക്രമം തുടര്‍ന്നു. കാലൊടിഞ്ഞ് നിലത്തുവീണ കുതിര അവശതയില്‍ കിടക്കുകയായിരുന്നു.
തുടര്‍ന്ന് സൈനിക അക്കാഡമിയിലെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ച കുതിരയുടെ കാല്‍ മുറിച്ചു മാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുതിരയുടെ നില ദനയീമാണെന്നും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് സദാനന്ദ ദത്തെ വ്യക്തമാക്കി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപിയും അറിയിച്ചു.
അതേസമയം, ആരോപണങ്ങളെല്ലാം എംഎല്‍എ നിഷേധിച്ചു. പൊലീസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും. കുതിരയുടെ കാല്‍ ഒടിഞ്ഞതിന് കാരണം താന്‍ അല്ലെന്നും പകല്‍സമയത്ത് പൊലീസ് വെള്ളം നല്‍കാതിരുന്നതാണെന്നുമാണ് എംഎല്‍എ ഗണേഷ് ജോഷിയുടെ വിശദീകരണം.