മോഡിയ്ക്കായി പണികഴിപ്പിച്ച ക്ഷേത്രത്തില്‍ ഇനി ഭാരത മാതാവിനെ പൂജിക്കും
പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കായി ഗുജറാത്തില്‍ പണികഴിപ്പിച്ച ക്ഷേത്രത്തില്‍ മോഡിയ്ക്ക് പകരം ഭാരത മാതവിനെ പൂജിക്കുമെന്ന് ഓം ട്രസ്റ്റ്. നേരത്തെ തനിക്കായി ക്ഷേത്രം നിര്‍മ്മിച്ചതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം. ക്ഷേത്രനിര്‍മ്മാണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞെട്ടിച്ചുവെന്നും ഇത് ഇന്ത്യയുടെ പാരമ്പര്യത്തിന് എതിരാണെന്നുമാണ് സംഭവത്തെപ്പറ്റി നരേന്ദ്രമോഡി പ്രതികരിച്ചത്.
ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിര്‍മ്മിച്ച ക്ഷേത്രം 15ന് ഭക്‌തര്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് ക്ഷേത്രത്തിന്റെ ഭാരവാഹികള്‍ പറഞ്ഞിരുന്നത്. ഓം ട്രസ്‌റ്റ് എന്ന പേരിലുള്ള ഒരു ട്രസ്‌റ്റാണ് ക്ഷേത്രത്തിന്റെ ഭരണം കൈയ്യാളുന്നത്. ഏഴുലക്ഷം രൂപ മുടക്കിയാണ് മോഡി ക്ഷേത്രം നിമ്മിച്ചിരിക്കുന്നത്. വിഗ്രഹ നിര്‍മ്മാണത്തിനായി മാത്രം രണ്ടുലക്ഷം രൂപയാണ് ട്രസ്റ്റ് മുടക്കിയത്. മോഡി ആരാധകരായ മൂന്നൂറ് പേരില്‍ നിന്ന് ഫണ്ട് സമാഹരിച്ച് രണ്ട് വര്‍ഷം കൊണ്ടാണ് ക്ഷേത്രം നിര്‍മ്മിച്ചത്.