ബി ജി ശ്രീനിവാസ് ഇന്‍ഫോസിസില്‍ നിന്ന് രാജിവച്ചു
ഇന്‍ഫോസിസ് പ്രസിഡന്റും ബോര്‍ഡ് അംഗവുമായ ബി ജി ശ്രീനിവാസ് രാജിവെച്ചു. ഇതേതുടര്‍ന്ന് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്ചേഞ്ചില്‍ കമ്പനിയുടെ ഷെയറുകളുടെ മൂല്യം എട്ടു ശതമാനത്തോളം കുറഞ്ഞു.മറ്റൊരു പ്രമുഖ ഐടി കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്‌ടറുമായി നിയമിതനാകുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് സൂചന.
ഒരു കൊല്ലത്തിനിടെ ഇന്‍ഫോസിസ് തലപ്പത്തുനിന്ന് പുറത്തുപോകുന്ന പതിനൊന്നാമത്തെ ആളാണ് ശ്രീനിവാസ്. ശ്രീനിവാസിന്റെ രാജി ജൂണ്‍ പത്തു മുതല്‍ പ്രാബല്യത്തില്‍ വരും. 7.52 കോടി രൂപയായിരുന്നു ഇന്‍ഫോസിസിലെ അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം.
കഴിഞ്ഞ ജനവരിയിലാണ് ശ്രീനിവാസിനെയും യുബി പ്രവീണ്‍ റാവുവിനെയും കമ്പനി പ്രസിഡന്റുമാരായി നിയമിച്ചത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഷിബുലാല്‍ അടുത്ത ജനുവരിയില്‍ വിരമിക്കുമ്പോള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയിലേക്ക് ശ്രീനിവാസോ പ്രവീണ്‍ റാവുവോ പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്നു.