ബീഫ് വേട്ട വീണ്ടും വാര്‍ത്തയാകുന്നു; ജെയ്പൂരില്‍ ബീഫ് വിളമ്പിയെന്ന് ആരോപിച്ച് ഹോട്ടലുടമയെ അറസ്റ്റ് ചെയ്‌തു

തിങ്കള്‍, 20 മാര്‍ച്ച് 2017 (15:40 IST)
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ കൂടി ബിജെപി അധികാരത്തില്‍ ഏറ്റതിന് പിന്നാലെയാണ് ബീഫ് വേട്ട വീണ്ടും വാര്‍ത്തയാകുന്നത്. രാജസ്ഥാനിലെ ജെയ്പൂരില്‍  ബീഫ് വിളമ്പിയെന്ന് ആരോപിച്ച് ഹോട്ടല്‍ പൊലീസ് പൂട്ടിയും ഹോട്ടലുടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നയീം റബ്ബാനി എന്നയാളെയും ഹോട്ടല്‍ ജീവനക്കാരനേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജയ്‌പൂരിലെ  സിന്ധി ക്യാമ്പ് ഏരിയയിലെ ഹയാത്ത് റബ്ബാനി എന്ന ഹോട്ടലാണ് പൂട്ടിയത്.
 
മാംസാഹാരം പാചകം ചെയ്യുകയും വിളമ്പുകയും  അവശിഷ്ടങ്ങള്‍ പുറത്ത് കുഴിച്ചുമൂടുകയും ചെയ്‌തെന്നാണ് ആരോപണങ്ങള്‍. ഗോരക്ഷാ ദള്‍ നേതാവ് കമാല്‍ ദീദിയാണ് ഹോട്ടലിനും ഉടമയ്ക്കുമെതിരേ പരാതി നല്‍കിയത്.  അതേസമയം ഹോട്ടല്‍ മാംസാഹാരം വിളമ്പിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് പൊലീസ് പറഞ്ഞു.  
 
ഹോട്ടല്‍ ലൈസന്‍സ് കാണിക്കാതെ വന്നതിനെ തുടര്‍ന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഹോട്ടല്‍ അടച്ചു പൂട്ടിയതെന്നും റിപ്പോര്‍ട്ടുണ്ട്.  അതേസമയം ഹോട്ടലുടമയ്ക്കും ജോലിക്കാരനുമെതിരെ മാലിന്യ നിര്‍മ്മാര്‍ജ്ജന നിരോധന നിയമം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 
 
 
 
 

വെബ്ദുനിയ വായിക്കുക