അസംഗഢ് തീവ്രവാദികളുടെ കേന്ദ്രമാണെന്ന് അമിത് ഷാ

തിങ്കള്‍, 5 മെയ് 2014 (14:33 IST)
ഉത്തര്‍പ്രദേശിലെ അസംഗഢ് തീവ്രവാദികളുടെ കേന്ദ്രമാണെന്ന് അമിത് ഷാ. അസംഗഢില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം. ഉത്തര്‍പ്രദേശിലെ ബിജെ പി ഘടകത്തിന്റെ ചുമതലക്കാരന്‍ കൂടിയാണ് അമിത് ഷാ.

അസംഗഢ് തീവ്രവാദികളുടെ കേന്ദ്രമാണ്. അവിടെയുള്ളവര്‍ക്ക് സര്‍ക്കാരിനെ ഭയക്കേണ്ടതില്ല. അവര്‍ അവരുടെ നയങ്ങളാണ് നടപ്പാക്കുന്നത്. ഗുജറാത്തിലെ ബോംബ് സ്ഫോടന കേസുകളിലെ പ്രതികള്‍ പോലും അസംഗഢില്‍ നിന്നുള്ളവരാണ് തുടങ്ങിയ വിദ്വേഷം ജനിപ്പിക്കുന്ന വാക്കുകളാണ് അമിത് ഷാ പറഞ്ഞത്.

പരാമര്‍ശം വിവാദമായതോടെ അമിത് ഷായ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു. മോഡിയും അമിത് ഷായും വര്‍ഗീയ പ്രചരണമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അസംഗഢ് ഹിന്ദു - മുസ്ളീം മതവിഭാഗങ്ങളുടെ പ്രതീകമാണെന്നും. 1974നു ശേഷവും 1992ലെ ബാബറി മസ്ജിദ് തകര്‍ക്കലിനു ശേഷവും അവിടെ അക്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ് വിജയ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. ഷായ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി എടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ചു. അമിത് ഷാ പറഞ്ഞത് ശരിയാണെങ്കില്‍ ഗുജറാത്തിനെ വര്‍ഗീയതയുടെ കേന്ദ്രം എന്നു വിളിക്കേണ്ടി വരുമെന്നു പറഞ്ഞ മായാവതി ഷായെ ഉത്തര്‍പ്രദേശില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക