മോഡി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് അരുണ്‍ ഷൂരി

ശനി, 2 മെയ് 2015 (12:37 IST)
നരേന്ദ്ര മോഡി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ അരുണ്‍ ഷൂരി. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുന്ന നയങ്ങളാണ്​ സര്‍ക്കാരിന്റേതെന്ന് ഷൂരി കുറ്റപ്പെടുത്തി. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അരുണ്‍ ഷൂരിയുടെ വിമര്‍ശനം.
 
അരുണ്‍ ഷൂരി. നരേന്ദ്രമോഡി, അരുണ്‍ ജെയ്റ്റ് ലി, അമിത് ഷാ എന്നിവരുടെ ഭരണമാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തികനയങ്ങള്‍ വാര്‍ത്താ തലക്കെട്ടുകള്‍ ഉണ്ടാക്കുക മാത്രമാണെന്നും അവ വികസനോന്മുഖമല്ലെന്നും ഷൂരി അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷങ്ങള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും ബിജെപി എംപിമാരുടെ വിവാദ പ്രസ്താവനകളിലും മോദി സര്‍ക്കാര്‍ കണ്ണടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുകൂടാതെ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യയില്‍ വന്നപ്പോള്‍  സ്വന്തം പേര് എഴുതിയ വിലകൂടിയ സ്യൂട്ട് ധരിച്ചതിനെയും ഷൂരി വിമര്‍ശിച്ചു. 

വെബ്ദുനിയ വായിക്കുക