അനാരോഗ്യം: കലാമിന്റെ സംസ്കാര ചടങ്ങില്‍ ജയലളിത പങ്കെടുക്കില്ല

ബുധന്‍, 29 ജൂലൈ 2015 (11:43 IST)
അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ എപിജെ അബ്ദുള്‍ കലാമിന്റെ സംസ്കാര ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പങ്കെടുക്കില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് ചടങ്ങില്‍ നിന്നും ഒഴിവാകുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, കലാമിന്റെ മൃതദേഹം ഇന്ന് രാമേശ്വരത്ത് എത്തിക്കും.

'താനേറെ ആദരിക്കുന്ന വ്യക്തിയാണ് കലാം. അദ്ദേഹത്തെ അവസാനമായി ഒന്നുകാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ അരോഗ്യപ്രശ്‌നങ്ങള്‍ തന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു'- ജയലളിത പറഞ്ഞു.

മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും എഐഎഡിഎംകെ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. ധനമന്ത്രി ഒ പനീര്‍ശെല്‍വം, മന്ത്രിമാരായ നാഥം ആര്‍ വിശ്വനാഥ്, ആര്‍. വൈത്തലിങ്കം എന്നിവര്‍ തമിഴ്‌നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുക്കും. ചെന്നൈയില്‍ നിന്ന് 600 കിലോമീറ്റര്‍ ദൂരെ രാമേശ്വരത്താണ് എ.പി.ജെ അബ്ദുള്‍ കലാമിന്റെ സംസ്‌കാരച്ചടങ്ങ് നടക്കുന്നത്.

രാമേശ്വരത്ത് തന്നെ അന്ത്യവിശ്രമം കൊള്ളണമെന്ന കലാമിന്റെ ആഗ്രഹം കണക്കിലെടുത്താണ് സംസ്‌കാരം അവിടെ നടത്തുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനും സ്‌മാരകം പണിയുന്നതിനുമായി സര്‍ക്കാര്‍ 1.5 ഏക്കര്‍ ഭൂമി വിട്ടു നല്‍കുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക