ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

രേണുക വേണു

ശനി, 10 ഫെബ്രുവരി 2024 (15:18 IST)
2019 ഡിസംബറില്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് നടപ്പാക്കി ഉത്തരവിറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്നു. എന്നാല്‍ അതില്‍ നിന്നു കോണ്‍ഗ്രസ് പിന്നോട്ടു പോകുകയാണെന്നും അമിത് ഷാ പറഞ്ഞു. ET Now Global Business Summit വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
സിഎഎ (പൗരത്വ ഭേദഗതി നിയമം) ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി വരും. ആര്‍ക്കും അതില്‍ യാതൊരു സംശയവും വേണ്ട. ആരുടെയും പൗരത്വം എടുത്തുകളയാനല്ല പൗരത്വ നിയമം ഭേദഗതി ചെയ്തത്, പൗരത്വം നല്‍കാനാണ്. സിഎഎ സംബന്ധിച്ച് ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിഎഎയില്‍ ആരുടെയും പൗരത്വം എടുത്തു കളയാന്‍ വ്യവസ്ഥയില്ലെന്നും അമിത് ഷാ പറഞ്ഞു. 
 
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപി ഒറ്റയ്ക്കു 370 സീറ്റുകള്‍ നേടും. എന്‍ഡിഎ 400 കടക്കും. കോണ്‍ഗ്രസും സഖ്യ പാര്‍ട്ടികളും പ്രതിപക്ഷത്ത് ഇരിക്കാന്‍ ഇപ്പോള്‍ തന്നെ തീരുമാനിച്ചെന്നും അമിത് ഷാ പറഞ്ഞു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍