അഖിലേന്ത്യ പ്രവേശന പരീക്ഷയ്ക്ക് സിബിഎസ്ഇയുടെ ഡ്രസ് കോഡ്

ശനി, 11 ജൂലൈ 2015 (12:09 IST)
അഖിലേന്ത്യ പ്രവേശന പരീക്ഷയ്ക്ക് സി ബി എസ് ഇയുടെ വക ഡ്രസ് കോഡ്. പ്രവേശന പരീക്ഷയ്ക്ക് എത്തുന്നവര്‍ അരകൈ ടീഷര്‍ട്ട്, ഷര്‍ട്ട് അല്ലെങ്കില്‍ കുര്‍ത്ത, സാധാരണ ചെരുപ്പ് എന്നിവ ധരിച്ചു വേണം പരീക്ഷയ്ക്കെത്താന്‍. മതപരമായ അടയാളങ്ങളോ ആഭരണങ്ങളോ അണിയാന്‍  പാടില്ല. മാല, കമ്മല്‍, മൂക്കുത്തി, പെന്‍ഡന്റ് എന്നിവയൊന്നും ധരിക്കാന്‍ പാടില്ല.
 
വലിയ ബട്ടണുകളുള്ള വസ്ത്രങ്ങള്‍, ബെല്‍റ്റ്, തൊപ്പി, പേന, പെന്‍സില്‍, മൊബൈല്‍, വെള്ളക്കുപ്പി എന്നിവ പരീക്ഷാഹാളില്‍ കയറ്റാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം കുട്ടികളെ പരീക്ഷ എഴുതിക്കില്ലെന്നും മുന്നറിയിപ്പുമുണ്ട്.
 
ഈ മാസം 25ന് നടത്തുന്ന അഖിലേന്ത്യ പ്രി മെഡിക്കല്‍ - പ്രി ഡെന്റല്‍ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആണ് സി ബി എസ് ഇ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയത്. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചു വേണം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്താന്‍.
 
മുമ്പ് നടന്ന പരീക്ഷയില്‍ അത്യാധുനിക ഉപകരണങ്ങള്‍ വസ്ത്രത്തില്‍ ഒളിപ്പിച്ച് എത്തി കോപ്പിയടി നടത്തി എന്നതിനാലാണ് പരീക്ഷാഹാളില്‍ ഡ്രസ് കോഡ് കര്‍ശനമാക്കാന്‍ തീരുമാനിച്ചതെന്നാണ് സി ബി എസ് ഇയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക